100 കോടി റിയാൽ; സൗദിയുടെ ജീവകാരുണ്യ ധനസമാഹരണ കാമ്പയിന് മികച്ച പ്രതികരണം

സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള നാലാമത്തെ ദേശീയ ക്യാംപെയ്നിന് മികച്ച പ്രതികരണം. ഇഹ്സാൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി ആരംഭിച്ച കാമ്പയിന്റെ ഉദ്ഘാടന ദിവസം 1 ബില്യൻ റിയാലിലധികം സംഭാവന ലഭിച്ചു. സൽമാൻ രാജാവിന്‍റെയും (നാല് കോടി റിയാൽ) കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍റെയും (മൂന്നു കോടി) സംഭാവനകളോടെയാണ് ക്യാംപെയ്നിന് തുടക്കം കുറിച്ചത്. ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ 100 കോടി റിയാലിലേറെയാണ് ഒഴുകിയെത്തിയത്.

‘ഇഹ്‌സാൻ’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയുള്ള കാമ്പയിനിലേക്ക് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമാണ് സംഭാവനകൾ സ്വീകരിക്കുന്നത്.
റമസാൻ അവസാനം വരെ ഇഹ്‌സാൻ ചാരിറ്റബിൾ വർക്ക് പ്ലാറ്റ്‌ഫോമിലൂടെ സംഭാവനകൾ സ്വീകരിക്കുന്നത് തുടരും. ഇഹ്സാൻ ആപ്പ്, വെബ്‌സൈറ്റ്, 8001247000 എന്ന ഏകീകൃത നമ്പർ, നിയുക്ത ബാങ്ക് അക്കൗണ്ടുകൾ എന്നീ വിവിധ മാർഗങ്ങളിലൂടെ പൊതുജനങ്ങൾക്ക് സംഭാവനകൾ നൽകാനാവും. ജീവിത പ്രയാസങ്ങള്‍ അനുഭവിക്കുന്ന വിവിധ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി വികസിപ്പിച്ച ആപ് ആണ് ഇഹ്‌സാന്‍ ഡിജിറ്റല്‍.

കാമ്പയിന്‍റെ ആദ്യനിമിഷത്തിൽ ഉദാരമായ സംഭാവന നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ‘ഇഹ്‌സാൻ’ സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി നന്ദി അറിയിച്ചു. ദേശീയ എണ്ണ കമ്പനിയായ അരാംകോ 3.5 കോടി റിയാലും റോഷൻ റിയൽ എസ്റ്റേറ്റ് കമ്പനി മൂന്ന് കോടി റിയാലും സംഭാവന ചെയ്തു. മുൻ കാമ്പയിനുകളിൽ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. അതിനെക്കാൾ ഇത്തവണയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. മൂന്നാം പതിപ്പിൽ സമാഹരിക്കാനായത് 760 കോടി റിയാലാണ്. 1.04 കോടി ആളുകൾ നൽകിയ ഈ സംഭാവനകളുടെ പ്രയോജനം 398,000-ലധികം ആളുകൾക്ക് ലഭിച്ചു.