‘പൊതുധാര്‍മ്മികത ലംഘിക്കുന്ന’ ചിത്രങ്ങള്‍; സ്വീറ്റ്സ് പിടിച്ചെടുത്ത് ഒമാന്‍ അധികൃതര്‍

പൊതുധാര്‍മികത ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കുട്ടികള്‍ക്കുള്ള സ്വീറ്റ്‌സ് പിടിച്ചെടുത്ത് ഒമാൻ സർക്കാർ. അല്‍ ദാഖിലിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയില്‍ 3,000ത്തിലേറെ സ്വീറ്റ്സാണ് പിടിച്ചെടുത്തത്. മാര്‍ക്കറ്റ് റെഗുലേഷന്‍ കണ്‍ട്രോള്‍ സെക്ഷന്റെ കീഴിലായിരുന്നു നടപടികൾ. പൊതുധാര്‍മ്മികത ലംഘിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഈ സ്വീറ്റ്സില്‍ ഉള്‍പ്പെട്ടെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ ലംഘനമാണ്. സാധാരണ നടത്താറുള്ള പരിശോധനകളുടെ ഭാഗമായാണ് ഗവര്‍ണറേറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെത്തിയത്. പരിശോധനക്കിടെയാണ് പൊതുധാര്‍മ്മികത ലംഘിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെട്ടെന്ന പേരില്‍  കുട്ടികള്‍ക്കുള്ള 3,571 സ്വീറ്റ്സ് പിടിച്ചെടുത്തത്.

അതെ സമയം ലംഘനം നടത്തിയ സ്ഥാപനത്തിനെതിരെ നിയമനടപടിയെടുത്തു. പിഴയും ചുമത്തി. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ക്ക് നിരോധനമുണ്ടെന്നതിനെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് കടയുടെ ഉടമ പ്രതികരിച്ചത്. എന്നാൽ ഇത് ചെവിക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല. ബിസിനസ് ഉടമകള്‍ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം ആശയവിനിമയം നടത്തേണ്ടതും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണെന്ന് അവർ ചൂണ്ടിക്കാട്ടി.