മുഹറം ഒന്ന്; യുഎഇ, ഒമാൻ രാജ്യങ്ങളിൽ ഞായറാഴ്ച പൊതു അവധി

ഹിജ്റ പുതുവർഷം പ്രമാണിച്ച് ഈ മാസം ഏഴ് (ഞായറാഴ്ച) യുഎഇയിലെ സ്വകാര്യമേഖലയ്ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധി പ്രഖ്യാപിച്ചു. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയമാണ് മുഹറം ഒന്നിന് അവധി പ്രഖ്യാപിച്ചത്. രാജ്യത്തെ സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഹിജ്‌റ വര്‍ഷം 1446ന്റെ ആരംഭമായിരിക്കും അന്ന്. ഒമാനിലും ഞായാറാഴ്ച പൊതുഅവധിയായിരിക്കും. രാജ്യത്തെ സര്‍ക്കാര്‍, പൊതു, സ്വകാര്യ മേഖലയ്ക്കാണ് പൊതു അവധി പ്രഖ്യാപിച്ചത്.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ മക്കയില്‍ നിന്ന് മദീനയിലേക്കുള്ള പലായനത്തിന്‍റെ വാര്‍ഷിക ദിനമായ ഹിജ്‌റ വര്‍ഷത്തിന്‍റെ ആരംഭ ദിവസമാണ് മുഹറം 1 പ്രത്യേക ദിനമായി ഇസ്ലാം മത വിശ്വാസികൾ ആചരിക്കുന്നത്. അതെ സമയം ഹിജ്‌റ വര്‍ഷത്തിലെ അവസാന മാസമായ ദുല്‍ഹിജ്ജയുടെ മാസപ്പിറവി ജൂണ്‍ എട്ടിനായിരുന്നു ദര്‍ശിച്ചതെന്നും ആയതിനാല്‍ ജൂലൈ ഏഴ് ആയിരിക്കും മുഹറം ഒന്നെന്ന് ഒമാൻ ഔഖാഫ്, മതകാര്യ വകുപ്പ് മന്ത്രാലയം അറിയിച്ചു. എന്നാല്‍ മാസപ്പിറവി ദൃശ്യമായാല്‍ മാത്രമേ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ. ശനിയാഴ്ച രാത്രി മാസപ്പിറവി കണ്ടില്ലെങ്കില്‍ തിങ്കളാഴ്ചയായിരിക്കും പൊതു അവധി.