‘സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാനുളള നടപടി’; നോര്‍ക്ക റൂട്ട്‌സ് പ്രവാസി നിക്ഷേപ സംഗമം ശ്രദ്ധേയമായി

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച പ്രവാസി നിക്ഷേപ സംഗമം ശ്രദ്ധേയമായി. 40 പ്രവാസി സംരംഭകരും, 29 നിക്ഷേപകരും പങ്കെടുത്ത നിക്ഷേപ സംഗമം മലപ്പുറം ലോക്‌സഭാംഗം ഡോ. എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസികള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും പുരോഗതി നേടുന്നതില്‍ പ്രവാസികള്‍ സഹായിച്ചിട്ടുണ്ട്. അര്‍ഹമായ പരിഗണന അവര്‍ക്ക് തിരികെ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നോര്‍ക റൂട്സ് റസിഡന്റ്‌ വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

പ്രവാസി കൊണ്ട വെയിലാണ് കേരളത്തിനു തണല്‍. എന്നാല്‍ 70 കള്‍ മുതല്‍ പ്രവാസി സമൂഹം കേരളത്തിനു തന്ന സാമ്പത്തിക, വികസന നേട്ടങ്ങള്‍ ഉല്‍പ്പാദന മേഖലകളിലോ വ്യവസായ മേഖലകളിലോ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയാതെപോയി എന്ന് പി. ശ്രീരാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പ്രവാസി നിക്ഷേപത്തിന് വ്യക്തിപരമായ മാര്‍ഗ്ഗങ്ങള്‍ക്കപ്പുറം മറ്റ് ഔപചാരികമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നമുക്ക് കഴിഞ്ഞില്ല. ആ പിഴവുകള്‍ പരിഹരിക്കാനുളള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിക്ഷേപകരെ അകറ്റുന്ന സാഹചര്യം കേരളത്തില്‍ ഉണ്ടായിരുന്നു എന്ന വിമര്‍ശനം ശരിയാണ്. എന്നാല്‍ സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കാനുളള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നൂതന ആശയങ്ങളുമായിട്ടാണ് നിക്ഷേപ സംഗമത്തില്‍ സംരംഭകര്‍ എത്തിയത്. ലക്ഷം മുതല്‍ നൂറ് കോടി വരെയുള്ള സംരംഭങ്ങള്‍ സംഗമത്തില്‍ പരിചയപ്പെടുത്തി. സംരംഭകരുടെ ആശയം മനസ്സിലാക്കാനും നിക്ഷേപത്തിന് അവസരം നല്‍കുന്നതിനും ഉതകുന്ന രീതിയിലായിരുന്നു പരിപാടി ഒരുക്കിയത്. നിക്ഷേപകനും സംരംഭകനും പരസ്പരം സംസാരിക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമുള്ള അവസരവുമുണ്ടായിരുന്നു. മാലിന്യ നിര്‍മാജനം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, കൃഷി തുടങ്ങി വിവിധ മേഖലയിലുള്ള സംരംഭകര്‍ സംഗമത്തിനെത്തി. വായ്പ അവസരമായി വിവിധ ബാങ്കുകളും സംഗമത്തിലുണ്ടായിരുന്നു.

നോര്‍ക റൂട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് സി.ഇ.ഒ ശരത് വി. രാജ് , നോര്‍ക റൂട്സ് ജനറല്‍ മാനേജര്‍ അജിത് കൊളശ്ശേരി, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു, ലീഡ് ബാങ്ക് മാനേജര്‍ പിപി ജിതേന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. പ്രവാസികള്‍ക്കും, വിദേശത്തുനിന്നും തിരികെവന്നവര്‍ക്കും ബിസ്സിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, സഹായവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നോര്‍ക്ക റൂട്ട്‌സ് ആരംഭിച്ച സംവിധാനമാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (NBFC).