നഴ്സിങ് പ്രൊഫഷണലുകൾക്കായി നോർക്ക-യു.കെ കരിയർ ഫെയർ മെയ് 04 മുതൽ 06 വരെ എറണാകുളത്ത്

നോർക്ക-യു.കെ കരിയർ ഫെയറിന്റെ രണ്ടാഘട്ടം (2023) മെയ് 04 മുതൽ 06 വരെ എറണാകുളത്ത് നടക്കും. നഴ്സിങ് മേഖലയിലെ പ്രൊഫഷണലുകൾക്കായാണ് രണ്ടാംഘട്ട റിക്രൂട്ട്മെന്റ്. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ 300 ലധികം നഴ്സിങ്ങ് ഒഴിവുകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടക്കുക. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായുളള ഇംഗ്ലീഷ് ഭാഷാപരിചയം വ്യക്തമാക്കുന്ന O.E.T യു.കെ സ്കോർ ( Reading, Speaking, Listening എന്നിവയിൽ B യും Writing ൽ C+ സ്കോറും) കരസ്ഥമാക്കിയ നഴ്സിങ്ങിൽ ബിരുദമോ, ജി എൻ എം ഡിപ്ലോമ യോ ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

കരിയർ ബ്രേക്ക് സംഭവിച്ചതോ, തൊഴിൽപരിചയമില്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക്, O.E.T യു.കെ സ്കോർ യോഗ്യതയുളള പക്ഷം അപേക്ഷിക്കാവുന്നതാണ്. വിശദമായ സി.വി, O.E.T യു.കെ സ്കോർ, വിദ്യാഭ്യാസ യോഗ്യത, രജിട്രേഷൻ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ഏപ്രിൽ 25 നകം അപേക്ഷ സമർപ്പിക്കണമെന്ന് നോർക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു. റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ണ്ണമായും യു.കെ യിലെ റിക്രൂട്ട്‌മെന്റ് പ്രതിനിധികളുടെ മേല്‍നോട്ടത്തിലാകും നടക്കുക.

കരിയർ ഫെയറിലും, ഇന്റർവ്യൂവിലും പങ്കെടുക്കുന്നതിനും നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വജിൽ (NIFL) O.E.T കോഴ്സിനു പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്കും, പുതുതായി ചേരുന്നവർക്കും അവസരം ഉണ്ട്. വിദേശതൊഴിലവസരങ്ങൾ പ്രേയോജനപ്പെടുന്നതിനാവശ്യമായ വിദേശ ഭാഷാ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനായുളള നോർക്ക റൂട്ട്സിന്റെ പുതിയ സംരംഭമാണ് എൻ.ഐ.എഫ്.എൽ. തിരുവനന്തപുരം തൈക്കാട്ട് മേട്ടുക്കട ജംങ്ഷനിലാണ് സെന്റർ പ്രവർത്തിക്കുന്നത്. OET കോഴ്‌സിലേക്ക് പഠനം ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . ബിപിഎൽ വിഭാഗത്തിനും എസ് .സി /എസ്. ടി വിഭാഗത്തിനും പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും.

റിക്രൂട്ട്‌മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തുനിന്നും +91-8802012345 (മിസ്സ്ഡ് കോള്‍ സര്‍വ്വീസ് )