നോര്‍ക്കയെ പഠിക്കാൻ ബീഹാർ സംഘമെത്തി, എല്ലാ പിന്തുണയും നല്‍കുമെന്ന് പി. ശ്രീരാമകൃഷ്ണന്‍

നോര്‍ക്ക റൂട്ട്‌സിന്റെ പ്രവർത്തനത്തേയും വിദേശ തൊഴിൽ റിക്രൂട്ട്മെൻ്റ് സാധ്യതകളേയും കുറച്ച് പഠിക്കുന്നതിനായി ബിഹാർ സർക്കാർ പ്രതിനിധികള്‍ നോര്‍ക്കാ റൂട്ട്‌സ് ആസ്ഥാനം സന്ദര്‍ശിച്ചു. പ്രവാസികളെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന ക്ഷേമ പദ്ധതികളും പ്രവർത്തനങ്ങളും രാജ്യത്തിനാകെ മാതൃകയായി മാറിയ സാഹചര്യത്തിലാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബീഹാർ സംഘമെത്തിയത്.ബീഹാർ സർക്കാറിൻ്റെ എംപ്ലോയ്മെൻ്റ്ഡെപ്യൂട്ടി ഡയറക്ടറും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ പ്രിയങ്ക കുമാരി, എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ശ്യാം പ്രകാശ് ശുക്ള, ഹ്യൂമൻ റിസോഴ്സ് ആൻ്റ് റിക്രൂട്ട്മെൻ്റ് എക്സ്പേർട്ട് രോഹിത ബാരിയർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ബീഹാറിൽ നിന്നും വിദേശ രാജ്യങ്ങളിലെ വിവിധ തൊഴിൽ മേഖലകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ അയയ്ക്കുന്നതിനായുള്ള സാധ്യതകൾ കണ്ടെത്തുക എന്നതായിരുന്നു ചർച്ചയുടെ പ്രധാന ലക്ഷ്യം. പ്രവാസി ക്ഷേമത്തിനായി നോർക്ക റൂട്ട്സ് നടപ്പാക്കുന്ന പദ്ധതികൾ രാജ്യത്തിന് മാതൃകയാണെന്നും ബിഹാർ സർക്കാരിനും ഇവ നടപ്പാക്കാനാനാവുമെന്നും ഇതിനായി എല്ലാവിധ സഹകരണവും നൽകുമെന്നും നോർക്ക റൂട്ട്സ് റസിഡൻ്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ സംഘത്തെ അറിയിച്ചു. നോർക്ക റൂട്ട്സിൻ്റെ കഴിഞ്ഞ വർഷത്തെ വികസന കലണ്ടർ അദ്ദേഹം കൈമാറി. പ്രവാസി വകുപ്പിനേയും നോർക്ക റൂട്ട്സിൻ്റെ പ്രവർത്തനങ്ങളേയും സംബന്ധിച്ച് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത്ത് കൊളശ്ശേരി വിശദമായ പ്രസൻ്റേഷൻ നടത്തി. നോർക്ക സെൻ്ററിലെ ലോക കേരള സെക്രട്ടേറിയറ്റ്, പ്രവാസി ക്ഷേമ ബോർഡ്, എൻ.ആർ.കെ.കമ്മീഷൻ, നോർക്കയുടെ വിവിധ വിഭാഗങ്ങൾ എന്നിവയെല്ലാം സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.