നോർക്ക-കേരള ബാങ്ക് പ്രവാസി ലോൺ മേള: “നോർക്ക വഴി 12,000 സംരംഭങ്ങൾ തുടങ്ങി”-പി.ശ്രീരാമകൃഷ്ണൻ

സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളിലൂടെ പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങള്‍ ആരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരളാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വായ്പാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഇത്തരം പദ്ധതികളില്ലെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെ പ്രവാസികള്‍ ഇത് ഫലപ്രദ മായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാപനത്തേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ലോണ്‍ മേളകൊണ്ട് ഉദ്ദേശിക്കുന്നത്. വ്യാവസായിക അന്തരീക്ഷവും വിപണിയുടെ സാധ്യതകളും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ കേരള ബാങ്ക് ഭരണസമിതി അംഗം സാബു എബ്രഹാം അധ്യക്ഷത വഹിച്ചു. കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം പി.എ ഉമ്മര്‍ മുഖ്യാതിഥിയായി. നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, നോര്‍ക്കാ റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, കേരളാ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.സി സഹദേവന്‍, ജനറല്‍ മാനേജര്‍ ഡോ. എന്‍ അനില്‍ കുമാര്‍, നഗരസഭാ കൗണ്‍സിലര്‍ പി.എസ്.എ ഷെബീര്‍ എന്നിവര്‍ സംസാരിച്ചു.

മേളയിൽ ആകെ 372 പ്രവാസി സംരംഭകരാണ് പങ്കെടുക്കാനെത്തിയത്.277 പേർക്ക് വായ്പക്കാ യുള്ള പ്രധമികാനുമതി ലഭിച്ചു. ഇതിൽ 243 പേർക്ക് കേരള ബാങ്ക് വഴിയും 34 പേർക്ക് മറ്റ് ധനകാര്യങ്ങൾ വഴിയും വായ്പ ലഭിക്കും.നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജെക്ട് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി (എന്‍.ഡി.പി.ആര്‍.ഇ.എം) പ്രകാരമാണ് വായ്പാമേള സംഘടിപ്പിച്ചത്. രണ്ട് വര്‍ഷമെങ്കിലും വിദേശരാജ്യത്ത് ജോലിചെയ്ത ശേഷം സ്ഥിരമായി നാട്ടില്‍ മടങ്ങിയെത്തിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക.