അംഗങ്ങള്‍ക്ക് ഭരണഘടനാ അധികാരം എന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമെന്ന് ലോക കേരളസഭ സെക്രട്ടേറിയറ്റ്

നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സമ്മേളിക്കാനിരിക്കെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾക്കെതിരെ ലോക കേരളസഭ സെക്രട്ടേറിയറ്റ്. ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഭരണഘടനാ അധികാരം ലഭിക്കുന്നു എന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണം ആണെന്ന് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം :
നാലാം ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് സമ്മേളിക്കാനിരിക്കെ പതിവ് പോലെ വിവാദങ്ങളും ചൂടുപിടിക്കുകയാണ്. അടിസ്ഥാനരഹിതമായ സ്ഥിരം പല്ലവികള്‍ തന്നെയാണ് ചില മാധ്യമങ്ങളിൽനിന്നും വ്യക്തികളിൽനിന്നും നാലാം വർഷവും ഉയര്‍ന്നുകേള്‍ക്കുന്നത്. അസത്യം നിരന്തരം ആവര്‍ത്തിച്ച് സത്യമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതിനാൽ ലോക കേരള സഭയെക്കുറിച്ചുള്ള ചില വ്യാജപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതുണ്ട്. ലോക കേരള സഭയിലെ അംഗങ്ങള്‍ക്ക് ഭരണഘടനാ അധികാരം ലഭിക്കുന്നു എന്നത് തികച്ചും അടിസ്ഥാന രഹിതമായ ആരോപണം ആണ്.

മറ്റ് സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുമുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും, സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനുമായി പ്രവാസി സമൂഹത്തെ കൂടെക്കൂട്ടുന്നതിനും, ഒപ്പം അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോടൊപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ.

ലോക കേരള സഭ പ്രവാസികൾക്ക് ഒത്തുചേരാനുള്ള ഒരു സ്ഥിരം വേദി ആണെന്നിരിക്കെ, ലോക കേരള സഭാ അംഗം എന്നത് ഒരു ബഹുമതി പദവി ആണെന്നിരിക്കെ നിയമനിര്‍മാണത്തിന് ലോക കേരള സഭാംഗങ്ങള്‍ക്ക് അധികാരമില്ലെന്നത് ആര്‍ക്കും മനസിലാക്കാവുന്ന വസ്തുതയാണ്. നിലവിലുള്ള വ്യവസ്ഥയിൽ പ്രവാസികൾക്ക് വോട്ട് അവകാശം ഇല്ല എന്നാൽ ഇവർക്ക് അനൗപചാരികമായി പങ്കുചേരുവാനുള്ള വിശാല ജനാധിപത്യ സാധ്യതകൾ സംസ്ഥാന സർക്കാർ തേടിയതിന്റെ പരിണിത ഫലം ആണ് ലോക കേരള സഭ.

പരിഗണനാവിഷയങ്ങള്‍ തങ്ങളുടെ അനുഭവസമ്പത്തുകൊണ്ട് ചർച്ച ചെയ്യുന്നത് മുതല്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കേണ്ട പ്രവാസി വിഷയങ്ങളില്‍ വിശദവും പ്രസക്തവുമായ ഉപദേശനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയുമെന്നതാണ് ലോക കേരള സഭയിലെ അംഗങ്ങളില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതല അഥവാ അധികാരം. അപ്പോഴും നിയമനിര്‍മാണത്തിലടക്കം തീരുമാനമെടുക്കാനുള്ള അധികാരം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനും നിയമനിര്‍മാണസഭയ്ക്കും മാത്രമാണ്.

https://www.facebook.com/LokaKeralaSabha/posts/pfbid027H9Ny3BdmazPV5Ndu8tAymDkSKL5nsBxfYBb6Wvt1rdzvRntHq9ihvExszEgMKZTl?cft[0]=AZUpD_EgjS-jyl2yITXpv2F3I01rCIoYRb3q62K4Wag6f9ssyHLZkIlUddBQnjPkKf1uJd9cYq-sk-GCu9rIqKpXlxrmClcnJlLCgaxALTyontlPlUjmccyREOCUkXMkikRmNLMelzeRDIP6U6LjjLEmWJ8oRVNdWvzQnfAw7ogwp-pcuSEbj-ax5VhQnnNE6ZI6pmpETRjHDwqCGHDAiQh9&tn=%2CO%2CP-R