നിമിഷപ്രിയയുടെ മോചനം; പ്രാരംഭ ചർച്ചകള്‍ ഉടന്‍, നടപടിക്രമങ്ങള്‍ക്ക് ആവശ്യമായി വരിക 36 ലക്ഷം

യെമന്‍ ജയിലിൽ വധശിക്ഷ വിധിക്കപ്പെട്ടു കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി പ്രാരംഭ ചർച്ചകള്‍ ഉടന്‍ തുടങ്ങുമെന്ന് സേവ് നിമിഷ പ്രിയ ഫോറം. ചർച്ചകളുടെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ക്ക് 36 ലക്ഷം രൂപ ചെലവ് വരും. ഇന്ത്യന്‍ എംബസി ഏർപ്പെടുത്തിയ അഭിഭാഷകന്റെ നേതൃത്വത്തിലാകും ചർച്ച നടക്കുക.രണ്ടാഴ്ച്ചയ്ക്ക് ഉള്ളിൽ ചർച്ചകൾ ആരംഭിക്കാനാണ് ശ്രമം. നടപടിക്രമങ്ങള്‍ക്ക് വരുന്ന തുക എംബസിയുടെ അക്കൗണ്ടിൽ എത്തിയാൽ ഉടൻ ചർച്ചകൾ തുടങ്ങുമെന്നാണ് വിവരം. ഇന്ത്യൻ എംബസി ഏർപ്പെടുത്തിയ യെമൻ പൗരത്വമുള്ള അഭിഭാഷകനാണ്
ചർച്ചകൾക്ക് നേതൃത്വം നൽകുക.

സേഫ് നിമിഷം പ്രിയ ഫോറം അംഗം സാമൂവൽ ജെറോം, നിമിഷയുടെ മാതാവ് എന്നിവരും ചർച്ചകളുടെ ഭാഗമാകും. യമൻ ഗോത്ര തലവന്മാരുമായാണ് ആദ്യ ചർച്ച. ദയാധനം നൽകി നിമിഷ പ്രിയയെ തിരികെ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് സന്നദ്ധ സംഘടനകൾ ഉള്ളത്. മലയാളി വ്യവസായ പ്രമുഖർ അടക്കം നിരവധിപേർ പിന്തുണയുമായി രംഗത്തുണ്ട്.

നിമിഷ പ്രിയയുടെ കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത് 2017 – ൽ ആണ്. യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ മാനസിക-ശാരീരിക പീഡനത്തില്‍ നിന്ന് രക്ഷപ്പെടാനായി മഹ്ദിയെ കൊലപ്പെടുത്തിയെന്നതാണ് നിമിഷപ്രിയയ്‌ക്കെതിരേയുള്ള കേസ്. കേസ് പരിശോധിച്ച യെമൻ സുപ്രീം ജുഡീഷ്യൽ കോടതി നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചു. സംഭവം വാർത്തയായ ഉടനെ തന്നെ നിമിഷ പ്രിയക്ക് വേണ്ടിആക്ഷൻ കൗൺസിലും, നിയമവിദഗ്ധരും എല്ലാം രംഗത്ത് വന്നിരുന്നു. 2021 ഓഗസ്റ്റിലാണ് ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃതത്തിലുള്ള ഇന്‍റര്‍നാഷണല്‍ ആക്ഷൻ കൗണ്‍സില്‍ രൂപീകരിച്ചത്. സുപ്രീം കോടതിയില്‍ നിന്ന് രാജ്യാന്തരതല പ്രതിനിധികളടക്കമുള്ളവരാണ് ഈ സംഘത്തില്‍ ഉണ്ടായിരുന്നത്. യെമനിലെ മേല്‍ക്കോടതികള്‍ വിചാരണ തുടങ്ങിയപ്പോള്‍ തന്നെ ആക്ഷൻ കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തലത്തിലും എംബസി തലത്തിലും കോടതി തലത്തിലും ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് യെമനിലെ തന്നെ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം നിമിഷപ്രിയയ്ക്കായി ലഭ്യമാക്കി.

ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായതോടെ 2016 മുതൽ യെമനിലേക്ക് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ യാത്രാ നിരോധനമുണ്ട്, ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ സർക്കാരിന്റെ അനുമതിയില്ലാതെ യെമൻ സന്ദർശിക്കാൻ കഴിയില്ല. അതിനാൽ ഒത്തുതീർപ്പ് ചർച്ചകൾക്കായി ഇരയുടെ കുടുംബവുമായി ബന്ധപ്പെടാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. നിമിഷ പ്രിയയുടെ കേസിൽ സ്ഥിതിഗതികൾ വഷളായത് യെമനിലെ ആഭ്യന്തര സംഘർഷം രൂക്ഷമായത് മൂലം ആണ്. അവർ വിചാരണയ്ക്ക് വിധേയമായ യെമനിലെ സന എന്ന നഗരം ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണ്. ഇവിടെ എന്തെങ്കിലും തരത്തിലുള്ള നയതന്ത്രഇടപെടൽ നടത്താനും തടസ്സങ്ങൾ നേരിട്ടിരുന്നു.