നിമിഷ പ്രിയയ്‌ക്ക്‌  എല്ലാ  കോൺസുലാർ സേവനങ്ങളും നൽകുമെന്ന് വിദേശ മന്ത്രാലയം

യെമൻ കോടതി വധശിക്ഷ ശരിവച്ച നിമിഷ പ്രിയയ്‌ക്ക്‌ സാധ്യമായ എല്ലാ കോൺസുലാർ സേവനങ്ങളും എത്തിക്കുന്നുണ്ടെന്നും നിയമ മാർഗമങ്ങൾക്കായുള്ള ശ്രമം തുടരുമെന്നും വിദേശ മന്ത്രാലയം. ഡൽഹി ഹൈക്കോടതിയിലും യെമനിലും നിയമപ്രശ്‌നമായി നിലനിൽക്കുന്ന വിഷയത്തിൽ പ്രതികരിക്കാൻ പരിമിതിയുണ്ട്‌. വിധിയെ സംബന്ധിച്ച്‌ മന്ത്രാലയത്തിന്‌ അറിവുണ്ട്‌. നിയമപരമായ മാർഗം തേടുന്നതിൽ ശ്രമം തുടരുകയാണ്‌–- മന്ത്രാലയ വക്താവ്‌ അരിന്ദം ബാഗ്‌ചി വ്യക്തമാക്കി.

യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുകയാണ് പാലക്കാട് സ്വദേശിനി നിമിഷ പ്രിയ. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തിയിരുന്നു. നൂറുകണക്കിനാളുകളാണ് നിമിഷപ്രിയയുടെ വധശിക്ഷ വിധി ശരിവെക്കണമെന്നാവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയത്.

സ്ത്രീയെന്ന പരിഗണന നല്‍കി വധശിക്ഷ ജീവപര്യന്തമായി ഇളവു ചെയ്യുകയോ വിട്ടയയ്ക്കുകയോ വേണമെന്ന് നിമിഷയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. യമനിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. യമന്‍ പൗരന്‍ തന്നെ തടഞ്ഞുവെച്ച് ആക്രമിച്ചെന്നും ക്രൂരമായ ലൈംഗിയ പീഡനത്തിന് ഇരയാക്കിയ ഇയാളില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ ശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് നിമിഷ കോടതിയില്‍ വാദിച്ചത്.