സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ യുഎഇ

അടുത്തവർഷം മുതൽ യുഎഇയിലെ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ വനിതകൾ നിർബന്ധം. നിലവിലെ ബോർഡുകളുടെ കാലാവധി അവസാനിച്ച ശേഷം സ്ത്രീകൾക്ക് ഒരു സീറ്റെങ്കിലും അനുവദിക്കണമെന്നാണ് നിയമം. 2025 ജനുവരി മുതല്‍ ഈ തീരുമാനം നടപ്പിലാക്കണമെന്നാണ് യുഎഇ സാമ്പത്തിക മന്ത്രാലയത്തിന്റെ നിര്‍ദേശം.

രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ സ്ത്രീ പ്രാതിനിധ്യത്തിന് മുന്‍ഗണന നല്‍കുന്ന രാജ്യമാണ് യുഎഇ. ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ വനിതകള്‍ക്കായി 50 ശതമാനം സീറ്റുകള്‍ അനുവദിക്കാന്‍ 2018ല്‍ അന്നത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2020ലെ ഉത്തരവ് പ്രകാരം യുഎഇയിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ജോലിക്ക് തുല്യ വേതനം നല്‍കണമെന്നും വ്യവസ്ഥയുണ്ട്.

അബുദബി, ദുബായ് സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ക്ക് കുറഞ്ഞത് ഒരു വനിതാ ബോര്‍ഡ് അംഗമെങ്കിലും ഉണ്ടായിരിക്കണമെന്ന് 2021ല്‍ യുഎഇ സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്സിഎ) ബോര്‍ഡ് തീരുമാനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സ്വകാര്യ ജോയിന്റ് – സ്റ്റോക്ക് കമ്പനികളിലേക്കും ഈ നിയമം വ്യാപിപ്പിക്കാന്‍ സാമ്പത്തിക മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.