അവധിക്കാലം ആരംഭിക്കാനിരിക്കെ പുതിയ ഫാമിലി ഫെയര്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. നാല് കാറ്റഗറികളിലായാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യു, എക്സ്പ്രസ് ഫ്ലെക്സ്, എക്സ്പ്രസ് ബിസ് എന്നിങ്ങനെ ആണ് പുതിയ കാറ്റഗറികൾ. ക്യാബിന്‍ ബാഗേജ് മാത്രമുള്ള യാത്രാ നിരക്കുകളാണ് എക്സ്പ്രസ് ലൈറ്റിന് കീഴില്‍ വരുന്നത്. 15 കിലോ ചെക്ക് ഇന്‍ ബാഗേജോട് കൂടിയ യാത്രകള്‍ക്കുള്ള നിരക്കുകള്‍ എക്സ്പ്രസ് വാല്യു കാറ്റഗറിയിലും വരുന്നു. ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്ക് രണ്ട് മണിക്കൂര്‍ മുമ്പ് വരെ വിമാനം മാറാന്‍ കഴിയുന്ന എക്സ്പ്രസ് ഫ്ലെക്സ്, ബിസിനസ് ക്ലാസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകള്‍ ഉള്‍പ്പെടുന്ന എക്സ്പ്രസ് ബിസ് എന്നിവയാണ് നാല് കാറ്റഗറികള്‍.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ എല്ലാ ബോയിങ് 737-8 എയര്‍ക്രാഫ്റ്റുകളിലും എക്സ്പ്രസ് ബിസ് നിരക്കുകള്‍ ലഭ്യമാണ്. എക്‌സ്പ്രസ് ബിസ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുമ്പോള്‍ ആഭ്യന്തര യാത്രകളില്‍ 25 കിലോയുടെയും രാജ്യാന്തര യാത്രയില്‍ 40 കിലോയുടെയും വര്‍ധിപ്പിച്ച ബാഗേജ് അവലന്‍സുകളും ലഭിക്കും. കൂടുതല്‍ ലെഗ്‌റൂമോടു കൂടിയ ബിസിനസ് ക്ലാസ് സീറ്റിങ്ങും എക്‌സ്പ്രസ് എഹഡ് മുന്‍ഗണനാ സേവനങ്ങളും സൗജന്യ ഗൊര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് ബിസിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. airindiaexpress.com, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.