ആശ്വാസ വാർത്ത; ജിസിസി ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലെ ‘നീറ്റ്‌’ പരീക്ഷ കേന്ദ്രങ്ങൾ പുനസ്ഥാപിക്കാന്‍ തീരുമാനം

യുഎഇ ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിക്കാന്‍ ദേശീയ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനം. ആറ് ഗള്‍ഫ് രാജ്യങ്ങളിലായി എട്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 14 നഗരങ്ങളില്‍ പരീക്ഷ നടത്താനാണ് തീരുമാനം. യു.എ.ഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ നഗരങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം.ഖത്തര്‍ (ദോഹ), കുവൈത്ത് (കുവൈത്ത് സിറ്റി), ഒമാന്‍ (മസ്‌കത്ത്), സൗദി അറേബ്യ (റിയാദ്), ബഹ്‌റൈന്‍ (മനാമ) ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളായി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കേന്ദ്രങ്ങളുണ്ട്. ഇന്ത്യയിലെ പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തിരുത്താന്‍ അവസരമുണ്ടാവും. മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിച്ച ശേഷം തിരുത്തിനുള്ള അവസരം നല്‍കുമ്പോള്‍ വിദേശത്ത് സെന്ററുകള്‍ തെരഞ്ഞെടുക്കാമെന്ന് എൻടിഎ അറിയിച്ചു.

ഇന്ത്യക്കു പുറത്തു പരീക്ഷാ കേന്ദ്രം അനുവദിക്കേണ്ടതില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ തീരുമാനം പ്രവാസികളില്‍ ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ ഐ സി എഫ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനും അംബാസഡര്‍മാര്‍ക്കും നിവേദനം നല്‍കിയിരുന്നു. വിവിധ പ്രവാസി സംഘടനകളും പ്രതിഷേധവുമായെത്തിയ ശേഷമാണ് സെന്ററുകള്‍ പുനഃസ്ഥാപിക്കാന്‍ എന്‍ ടി എ തീരുമാനമെടുത്തത്.

പരീക്ഷാ കേന്ദ്രങ്ങൾ പുനസ്ഥാപിച്ചില്ലെങ്കിൽ പകുതിയിലധികം പ്രവാസി വിദ്യാർത്ഥികൾക്കും പ്രവേശന പരീക്ഷ ഉപേക്ഷിക്കേണ്ടി വരുമെന്ന് നേരത്തെ പ്രവാസി സംഘടനകൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. നാട്ടിൽ കുടുംബസമേതം പോയി പരീക്ഷയെഴുതുന്നത് താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വിമാന നിരക്ക് കുത്തനെ കൂടുന്ന സീസണിലായിരിക്കും നീറ്റ് പരീക്ഷ. ഗൾഫിൽ കേന്ദ്രങ്ങളില്ലെങ്കിൽ ഈ വൻതുക മുടക്കി നാട്ടിൽ പോയി പരീക്ഷയെഴുതണം. സ്വന്തം രാജ്യത്ത് സ്വപ്നം കണ്ട ഉപരിപഠനമെന്ന അവസരത്തിലേക്കുള്ള വാതിലാണ് അവർക്കു മുന്നിൽ അടയ്ക്കപ്പെടുക. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് വിവിധ പ്രവാസി സംഘടനകള്‍ പരാതി നല്‍കിയിരുന്നു. സമ്മർദങ്ങൾക്കൊടുവിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവരെല്ലാം. പുതിയ തീരുമാനം വലിയ ആശ്വാസമാണ് പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്.