സൗദി; സിബിഎസ്ഇ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നവോദയ സാംസ്‌കാരിക വേദി അവാര്‍ഡുകള്‍ നല്‍കും

സിബിഎസ്ഇ പരീക്ഷകളില്‍ 10, 12 ക്ലാസുകളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നവോദയ സാംസ്‌കാരിക വേദി എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കും. കിഴക്കന്‍ പ്രാവിശ്യയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് 10, 12 ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. 2013 മുതല്‍ നവോദയ എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്‍കിവരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ കിഴക്കന്‍ പ്രവിശ്യയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം വിഷയത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും 12 ക്ലാസ് പരീക്ഷയില്‍ വിഷയാടിസ്ഥാനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് നവോദയ അവാര്‍ഡുകള്‍ നല്‍കുന്നത്. മെയ് 31 വെള്ളിയാഴ്ച ദമാം ദാര്‍ അസ്സ് സിഹ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കിഴക്കന്‍ പ്രവിശ്യയിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള ഉന്നതരും പൊതുസമൂഹത്തിലെ പ്രശസ്ത വ്യക്തികളും പങ്കെടുക്കുമെന്ന് ഭാരവഹികള്‍ അറിയിച്ചു.