പ്രവാസികൾക്ക് സന്തോഷവാർത്ത: 2024-ൽ യുഎഇയിൽ ശമ്പളം 4.5 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്

എണ്ണ ഇതര മേഖലകളുടെ, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റിന്റെ ശക്തമായ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ 2024-ൽ യുഎഇയിലെ ശമ്പളം 4.5 ശതമാനം വർധിക്കുമെന്ന് റിപ്പോർട്ട്. കൂപ്പർ ഫിച്ച് ബുധനാഴ്ച പുറത്തിറക്കിയ ‘സാലറി ഗൈഡ് യുഎഇ 2024’ റിപ്പോർട്ട് അനുസരിച്ച് 53 ശതമാനം സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കും. മൂന്നിലൊന്ന് (39 ശതമാനം) സ്ഥാപനങ്ങളിലും വേതനം 5 ശതമാനം വരെ വർധിപ്പിക്കാനാണ് പദ്ധതി. ഏതാണ്ട് പത്തിൽ ഒരാൾക്ക് 6 മുതൽ 9 ശതമാനം വരെയും 20-ൽ ഒരാൾക്ക് 10 ശതമാനമോ അതിൽ കൂടുതലോ വർധന ലഭിക്കും. ഇതോടൊപ്പം 71 ശതമാനം – കമ്പനികൾ 2023-ൽ അവരുടെ സ്ഥാപനത്തിന്റെ സാമ്പത്തിക പ്രകടനത്തെ അടിസ്ഥാനമാക്കി വാർഷിക ബോണസ് നൽകാൻ പദ്ധതിയിടുന്നതായും സർവേ വെളിപ്പെടുത്തി,

അക്കൗണ്ടിംഗ്, കെമിക്കൽസ്, കൺസ്യൂമർ ഗുഡ്‌സ്, ഹോസ്പിറ്റൽ, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഉദാരമായ ആറ് മാസത്തെ അടിസ്ഥാന ശമ്പളമായ ബോണസ് പ്രതീക്ഷിക്കാം. അതെ സമയം സാമ്പത്തിക സേവനങ്ങൾ, കൺസൾട്ടിംഗ്, ഐടി വ്യവസായങ്ങൾ എന്നിവയാണ് ബോണസ് നൽകാൻ ഉദ്ദേശിക്കാത്ത കമ്പനികൾ.

അതേസമയം, 21 ശതമാനം സ്ഥാപനങ്ങൾ 2024-ൽ ശമ്പളം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വരുന്ന വർഷത്തിൽ തങ്ങളുടെ ജീവനക്കാരുടെ വേതനം പരിഷ്കരിക്കാൻ നാലിലൊന്നിലധികം സ്ഥാപനങ്ങൾക്കും പദ്ധതിയില്ല. യുഎഇയുടെ സാമ്പത്തിക വളർച്ച കഴിഞ്ഞ വർഷത്തെ 7.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം മൂന്ന് ശതമാനമായി കുറയും. എണ്ണ ഇതര മേഖലകളിൽ, റിയൽ എസ്റ്റേറ്റ്, ട്രാവൽ, ടൂറിസം, വ്യോമയാനം എന്നിവ യുഎഇയുടെ സാമ്പത്തിക വളർച്ചയെ നയിക്കും.