ഖത്തർ പ്രവാസികൾക്ക് ഇനി യുപിഐ സംവിധാനത്തിലൂടെ പണമിടപാട് നടത്താം

ഖത്തർ പ്രവാസികള്‍ക്കും ഇനി യുപിഐ (യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റര്‍ഫെയ്സ്) സേവന സൗകര്യം പ്രയോജനപ്പെടുത്താം. ഖത്തറിലെ പ്രമുഖ ബാങ്കായ ഖത്തര്‍ നാഷനൽ ബാങ്കാണ് നടപ്പിലാക്കുന്നത്. ക്യൂആര്‍ കോഡ് ഉപയോ​ഗിച്ച് പണമിടപാട് ന‌ടത്താവുന്നതാണ്. യുപിഐ സംവിധാനമൊരുക്കുന്നതിനായി ഖത്തര്‍ നാഷനല്‍ ബാങ്കും എന്‍പിസിഐ (നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡും തമ്മില്‍ ഇതു സംബന്ധിച്ച ധാരണയിലെത്തി.

ഖത്തറിൽ ക്യുആർ കോഡ് ഉപയോഗിച്ച് പണം ഇടപാട് നടത്തുന്നവരുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നല്‍കാനാകും. സംവിധാനം പ്രാബല്യത്തിൽ വരുന്നതോ‌‌ടെ ഇന്ത്യൻ പ്രവാസികൾക്കും വിനോദ സഞ്ചാരികൾക്കും രാജ്യത്തിന്റെ ഏത് ഭാ​ഗത്തും യുപിഐ വഴി പണമിടപാട് നടത്താം. റസ്റ്ററന്റുകൾ, റീട്ടെയില്‍ ഷോപ്പുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ഈ സേവനം ലഭ്യമാകും. ഖത്തറിലെ റീട്ടെയില്‍ -റസ്റ്ററന്‍റ് മേഖലകളില്‍ ഇന്ത്യന്‍ പ്രവാസി സംരംഭങ്ങള്‍ ഏറെയുണ്ട്. ഇവര്‍ക്കെല്ലാം ഈ സേവനം വലിയ രീതിയില്‍ പ്രയോജനപ്പെടും.