യുഎഇയിലെ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു; നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ

കൊടുംചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി യുഎഇയിൽ ഉച്ചവിശ്രമസമയം പ്രഖ്യാപിച്ചു. ഈ മാസം 15ന് നിയമം നിലവിൽ വരും. സെപ്റ്റംബർ 15 വരെ രാജ്യത്തെ തൊഴിലാളികൾ വെയിലത്ത് ജോലിചെയ്യുന്നത് നിയമ വിരുദ്ധമായിരിക്കും. നിർമ്മാണ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ 3.30വരെ തൊഴിൽ ചെയ്യുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ ഉച്ച വിശ്രമത്തെ കുറിച്ചുള്ള പുതിയ നിയമത്തെ കുറിച്ച് പരാമർശം ഉള്ളത്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന പ്രദേശങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കാണ് വിശ്രമം അനുവദിച്ചിരിക്കുന്നത്. ഉയർന്ന താപനിലയിൽ ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയാണ് നിർബന്ധിത നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നിയമം തെറ്റിച്ച് ഉച്ചവിശ്രമ വേളയിൽ ജോലിചെയ്താൽ 5000 ദിർഹം വരെ പിഴ നൽകേണ്ടിവരും. നിരോധിത സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യാനായി നിർബന്ധിച്ചാൽ 50,000 ദിർഹം പിഴയീടാക്കും. നിയമം കർശനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

തൊഴിൽ മേഖലകളിൽ ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും തയ്യാറാക്കിയിരിക്കണമെന്നും അധികൃതർ നിർദേശിച്ചു.