കോവിഡ്; യുഎഇയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ല

കോവിഡ് നിയന്ത്രണങ്ങളില്‍ ബുധനാഴ്ച മുതല്‍ യുഎഇയില്‍ കൂടുതല്‍ ഇളവുകള്‍. അടച്ചിട്ട മുറികളിലും പൊതു സ്ഥലങ്ങളിലും മാസ്‌ക് ഒഴിവാക്കി. എന്നാല്‍, ആശുപത്രി, പള്ളി, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവടങ്ങളില്‍ മാസ്‌ക് വേണം. എല്ലാ ഭക്ഷ്യ സേവന ദാതാക്കളും കൊറോണ വൈറസ് രോഗികളും സംശയാസ്പദമായ കേസുകളും മാസ്‌ക് ധരിക്കണം. സ്‌കൂളുകളിലും പൊതു സ്ഥലങ്ങളില്‍ ഇഷ്ടാനുസൃതം മാസ്‌ക് ധരിക്കാം. വിമാനങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമല്ല, എന്നാല്‍ ആവശ്യമെങ്കില്‍ അതത് എയര്‍ലൈനുകള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കാം.

കോവിഡ് ബാധിതരുടെ ക്വാറന്റയ്ന്‍ അഞ്ചു ദിവസമാക്കി. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് ക്വാറന്റയ്‌നോ പിസിആര്‍ പരിശോധനയോ ആവശ്യമില്ല. ഗ്രീന്‍ പാസിന്റെ കാലാവധി 14ല്‍ നിന്ന 30 ദിവസമാക്കി വര്‍ധിപ്പിച്ചതായുംഅബുദാബി ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഗ്രീന്‍ പാസ് അനുസരിച്ച്, വാക്‌സിനേഷന്‍ എടുക്കാത്തവര്‍ക്ക് ഓരോ ഏഴ് ദിവസവും വാക്‌സിന്‍ എടുത്തവര്‍ക്ക് ഓരോ 30 ദിവസവും പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം. പ്രതിദിന കോവിഡ് കേസുകള്‍ പ്രഖ്യാപിക്കുന്നത് ഇനി ഉണ്ടാകില്ല. ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രമേ അപ്‌ഡേറ്റുകള്‍ ലഭ്യമാകൂ.

രണ്ടര വര്‍ഷത്തിന് ശേഷമാണ് യുഎഇ മാസ്‌ക് നിബന്ധന പിന്‍വലിക്കുന്നത്. പുതിയ കോവിഡ് കേസുകളും മരണവും കുറഞ്ഞ പാശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത്. 2020 ജനുവരി 20നാണ് യുഎഇയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.