ലോക കേരളസഭ മേഖല സമ്മേളനം ഒക്ടോബര്‍ 9ന് ഞായറാഴ്ച ലണ്ടനില്‍

ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളി പ്രവാസി സമൂഹത്തെ ഒരു വേദിയിൽ ഒരുമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ കേരള സർക്കാർ രൂപീകരിച്ച ലോകകേരള സഭയുടെ യുകെ യൂറോപ്പ് മേഖലാ സമ്മേളനം ഒക്ടോബർ 9 നു ലണ്ടനിൽ ചേരും . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ പി രാജീവ്, വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.

യുകെയിലെയും യൂറോപ്പിലേയും മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഗ്രൂപ്പുകള്‍ ആയി ചര്‍ച്ച ചെയ്യുകയും കേരള സര്‍ക്കാരിന്റെയും ഇന്ത്യന്‍ ഗവൺമെന്റിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. ലോക കേരളസഭ അംഗങ്ങളും യുകെയിലെ വിവിധ സംഘടനകളെയും വിവിധ തൊഴില്‍ മേഖലകളെയും പ്രതിനിധീകരിച്ചു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെട്ട പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 9നു രാവിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഹാളിലാണു ചേരുന്നത്.

കേരളത്തിന്റെ മുന്നോട്ടുള്ളപോക്കിലും ഒരു നവകേരളത്തിന്റെ നിർമ്മിതിയിലും യുകെയിലുള്ള പ്രവാസികൾക്ക് തങ്ങളുടെ നിർദ്ദേശങ്ങൾ അവതരിപ്പിക്കുവാനുള്ള വേദിയാണ് ലോക കേരളസഭ ഒരുക്കുന്നത്. ഗൗരവപൂർണമായ ചർച്ചകൾ നടക്കുന്ന ഈ സമ്മേളനത്തിൽ ഏതാണ്ട് നൂറോളം പ്രതിനിധികളെ പങ്കെടുപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന്‌ സംഘാടകർ അറിയിച്ചു.