കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രവാസികളുടെ പങ്കു വലുതാണെന്ന് സ്പീക്കർ എം.ബി. രാജേഷ്

കേരളത്തിന്റെ സമ്പദ്ഘടനയിൽ പ്രവാസികളുടെ പങ്കു വലുതാണെന്ന് സ്പീക്കർ എം.ബി. രാജേഷ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മൂന്നാമതു ലോക കേരള സഭയുടെ പൊതു സമ്മേളന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള പ്രവാസി മലയാളികൾ ഒന്നിക്കുന്ന മൂന്നാമത് ലോക കേരള സഭാ സമ്മേളനത്തിന്റെ കാര്യപരിപാടികൾ നിയമസഭാ മന്ദിരത്തിൽ ഇന്നും നാളെയുമായി (ജൂൺ 17, 18) നടക്കും.

സംസ്ഥാന ജി.ഡി.പിയുടെ 35 ശതമാനവും പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണമാണ്. സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും പ്രവാസികളുടെ വലിയ സംഭാവനകൾ ഉണ്ട്. ലോകം മുഴുവൻ ഒഴുകിപ്പരന്നുകിടക്കുന്ന മലയാളികളുടെ വിശാലമായ ജനാധിപത്യ വേദിയാണു ലോക കേരള സഭ. കഴിഞ്ഞ രണ്ടു ലോക കേരള സഭകൊണ്ട് കേരളത്തിനും പ്രവാസി സമൂഹത്തിനുമുണ്ടായ പ്രയോജനങ്ങൾ വലുതാണ്. ലോക കേരള സഭയിൽ ഉയർന്നുവരുന്ന ആശയങ്ങൾക്ക് പ്രായോഗിക രൂപം നൽകുന്നതിനായി ഏഴു മേഖലാ സ്റ്റാൻഡിങ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റിമെന്റ് ആൻഡ് ഹോൾഡിങ് കമ്പനി ലിമിറ്റഡ്, എൻ.ആർ.ഐ. സഹകരണ സൊസൈറ്റി, നോർക്ക റൂട്ട്സിലെ വിമൻസ് സെൽ, സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അന്താരാഷ്ട്ര മൈഗ്രേഷൻ സെന്റർ, ലോക മലയാളം എന്ന പ്രസിദ്ധീകരണം തുടങ്ങിയവ കഴിഞ്ഞ രണ്ടു ലോക കേരള സഭകളുടെ ഉത്പന്നങ്ങളാണ്.

നോർക്കയുടെ ജോബ് പോർട്ടൽ, പ്രവാസികളാകാൻ താത്പര്യപ്പെടുന്നവർക്കായുള്ള നൈപുണ്യ വികസന പരിപാടികൾ, ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിനുള്ള ട്രിപ്പിൾ വൻ പ്രൊജക്ട്, തൊഴിൽ റിക്രൂട്ട്മെന്റിനായി ജപ്പാൻ, ദക്ഷിണകൊറിയ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളുമായി ഏർപ്പെടുത്തിയിട്ടുള്ള കരാറുകൾ, പ്രവാസി ലീഗൽ എയ്ഡ് സെൽ, കോവിഡ് കാലത്ത് 17 രാജ്യങ്ങളിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്‌കുകൾ, സാന്ത്വനം പദ്ധതി, നോർക്ക ഡിപ്പാർട്ട്മെന്റ് പ്രൊജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ്, ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി ഡിവിഡന്റ് സ്‌കീം തുടങ്ങിയവ കഴിഞ്ഞ രണ്ടു ലോക കേരള സഭകളിൽ ഉയർന്ന നിർദേശങ്ങളുടെ ഭാഗമായി രൂപം നൽകിയ പദ്ധതികളാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, എ.കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, എം.വി. ഗോവിന്ദൻ മാസ്റ്റർ, വി.എൻ. വാസവൻ, പി. രാജീവ്, കെ. രാധാകൃഷ്ണൻ, പി.എ. മുഹമ്മദ് റിയാസ്, ജെ. ചിഞ്ചുറാണി, കെ.എൻ. ബാലഗോപാൽ, മേയർ ആര്യ രാജന്ദ്രൻ, എം.പിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ്, എ.എ. റഹിം, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ ഡോ. എം.എ. യൂസഫലി, റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ ഡോ. എം. അനിരുദ്ധൻ, രവി പിള്ള, ആസാദ് മൂപ്പൻ, നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു. പൊതുസമ്മേളനത്തിനു ശേഷം ജി.എസ്. പ്രദീപിന്റെയും മേതിൽ ദേവികയുടേയും നേതൃത്വത്തിൽ നോർക്ക ഇന്ദ്രധനുസ് എന്ന പരിപാടിയും അരങ്ങേറി.

169 ജനപ്രതിനിധികൾ, 182 പ്രവാസികൾ എന്നിവരടക്കം 351 അംഗങ്ങളാണു മൂന്നാം ലോക കേരളസഭയിൽ പങ്കെടുക്കുന്നത്. 182 പ്രവാസികളിൽ 104 പേർ രാജ്യത്തിനു പുറത്തുള്ളവരും 36 പേർ ഇതര സംസ്ഥാന പ്രവാസികളുമാണ്. ഇന്നു (17 ജൂൺ) നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോക കേരളസഭയുടെ സമീപന രേഖ മുഖ്യമന്ത്രി സമർപ്പിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മേഖലാ യോഗങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും