ലോക കേരളസഭ; പ്രവാസികളുടെ ജനാധിപത്യ ഉത്സവം – കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എഴുതുന്നു

ലോകത്തെമ്പാടുമുള്ള കേരളീയ പ്രവാസികൾക്ക് വേണ്ടി സ്ഥാപിതമായ ജനാധിപത്യ വേദി ലോക കേരള സഭ സമ്മേളനം 2024 ജൂൺ 13 ,14 ,15 തിയ്യതികളിൽ തിരുവനന്തപുരത്ത് സമ്മേളിക്കുകയാണ്. ലോക ചരിത്രത്തിൽ തന്നെ ഒരു രാജ്യത്തും പ്രവാസികൾക്കായി ഇത്തരത്തിലുള്ള ഒരു വേദിയില്ലെന്നത് കൊണ്ട് തന്നെയാണ് ലോക കേരള സഭ ശ്രദ്ധേയമാകുന്നതും വ്യത്യസ്തമാകുന്നതും. വിവിധ രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രവാസി വ്യക്തിത്വങ്ങൾ സഭയുടെ ഭാഗമാണ്. സഭ സമ്മേളനത്തിൻ്റെ പൊതു അജണ്ടക്ക് വിധേയമായി മൂന്ന് ദിവസങ്ങളിൽ പ്രത്യേക സെഷനുകൾ നടക്കും.

വിവിധ രാജ്യങ്ങളിലെ മലയാളികളായ പ്രവാസികളുടെ പ്രശ്നങ്ങൾ ,നിർദ്ദേശങ്ങൾ ,പരിഹാര മാർഗ്ഗങ്ങൾ എല്ലാം സമ്മേളനം ഗൗരവത്തോടെ കേൾക്കുകയും ഇക്കാര്യത്തിലെല്ലാം സംസ്ഥാന സർക്കാറിനുള്ള നിലപാട് വ്യക്തമാക്കപ്പെടുകയും ചെയ്യും .കഴിഞ്ഞ സമ്മേളനത്തിൽ ഉയർന്ന് വന്ന പ്രശ്നങ്ങളിൽ സർക്കാരും നോർക്കയും എടുത്ത നടപടികളും വിശദീകരിക്കപ്പെടും.

ലോക കേരള സഭ ആരംഭകാലം മുതൽ വിമർശിക്കപ്പെട്ട് കൊണ്ടിരുന്നു. അതിൻ്റെ പിന്നിൽ രാഷ്ടീയമായിരുന്നു . ലോകത്തെമ്പാടും സാമൂഹ്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികൾക്ക് ഒത്ത് കൂടാനുള്ള അവസരത്തെ ബഹിഷ്ക്കരിക്കുന്നതിലുള്ള വിയോജിപ്പ് ശക്തിപ്പെട്ടതിൻ്റെ ഭാഗമായി ഇത്തവണ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രവാസി സംഘടനകൾ പങ്കെടുക്കും എന്ന സ്ഥിതി കൈവന്നിരിക്കയാണ്.വിമർശകർ ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം സ്വയം പിൻവലിക്കുന്നു എന്നാണിത് സൂചിപ്പിക്കുന്നത്.

കേരളം ഒട്ടേറെ രാഷ്ട്രീയവും ഭരണപരവുമായ പരിഷ്കരണങ്ങൾ കൊണ്ട് ശ്രദ്ധേയമായ നാടാണ്. ഭൂപരിഷ്കരണവും ,വിദ്യഭ്യാസ നിയമവും ,ജനകീയ ആസൂത്രണം ,സമ്പുർണ്ണ സാക്ഷരത യജ്ഞം തുടങ്ങി കേരളം കൈ വെച്ചതെല്ലാം ഇന്ത്യയും ലോകവും ശ്രദ്ധിച്ചിട്ടുള്ളതാണ്.ലോകത്തെമ്പാടും മനുഷ്യൻ അന്നവും ജീവിതവും തേടി ദേശാന്തരങ്ങളില്ലാതെ പലായനം ചെയ്ത് കൊണ്ടിരിക്കയാണ്. കുടിയേറ്റത്തിന് വ്യത്യസ്ത സാഹചര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ട്. ആധുനിക ലോകത്ത് അതിരുകളില്ലാതെ മനുഷ്യൻ സഞ്ചാരത്തിലാണ്.

വിദ്യഭ്യാസം ,കച്ചവടം തുടങ്ങിയ കാര്യങ്ങൾക്ക് പഴയ കാലത്തിൽ നിന്നും വ്യത്യസ്തമായ പ്രവാസം ഇന്ന് നടന്ന് കൊണ്ടിരിക്കുന്നു .
കേരളം അതിനെല്ലാം മുമ്പിൽ തന്നെയാണ് .ലോകമാകമാനം നിറഞ്ഞ് നിൽക്കുന്ന കേരളമാണ് ഇന്നുള്ളത് .കേരളത്തിന് പുറത്ത് മലയാളി സൃഷ്ടിച്ചെടുത്ത കേരളത്തെ സ്വന്തം കേരളവുമായി ബന്ധിപ്പിക്കുന്ന കണ്ണിയെന്ന നിലയിലാണ് ലോക കേരള സഭ വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അകം കേരളവും പുറം കേരളവുമെന്ന നിലയിലുള്ള കേരളത്തെ ലോക കേരള സഭ ഒരു കേരളമാക്കി മാറ്റുന്നു.

ലോകത്തെങ്ങും സഞ്ചരിക്കുന്ന മലയാളി ആർജ്ജിക്കുന്ന വിജ്ഞാനവും ,അനുഭവവും, സമ്പത്തും കേരളത്തിൻ്റെ പൊതുവായ വികസനത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന അന്വേഷണവും കണ്ടെത്തലുമാണ് ലോക കേരള സഭ. ഇക്കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിൽ പ്രവാസികളെ ഉൾപ്പെടുത്തി അവർക്ക് വേണ്ടി ആസൂത്രണം ചെയ്ത എല്ലാ പദ്ധതികളിലും ലോക കേരള സഭയുടെ പങ്കുണ്ട്.ലോക കേരള സഭയുടെ ചർച്ചകളും അതിൻ്റെ തീരുമാനങ്ങളും തന്നെയാണ് ക്ഷേമ പ്രവർത്തനമായാലും പുനഃരധിവാസ പ്രവർത്തനമായാലും ചാലക ശക്തിയായി പ്രവർത്തിക്കുന്നത് .

യൂറോപ്പിലും ,അമേരിക്കയിലും ,ഗൾഫ് രാജ്യങ്ങളിലുമെല്ലാം ചേർന്ന ലോക കേരള സഭ മേഖല സമ്മേളനങ്ങളും ഇത്തരം ചർച്ചകളിൽ നിന്നുയർന്ന് വന്ന ആശയങ്ങളാണ്. നവീന ആശയങ്ങളിലൂടെ കേരളത്തെയാകെ നവീകരിക്കാൻ പ്രവാസി സമൂഹത്തിൻ്റെ ചിന്തകളെ ലോക കേരള സഭ ഉപയോഗപ്പെടുത്തുകയാണ്. ലോകത്തെ പണക്കാരായ ഏതാനും ആളുകളുടെ ഒരു സമ്മേളനം എന്ന നിലയിൽ പലരും പരിഹാസത്തോടെ സമീപിക്കുന്നതും വിമർശിക്കുന്നതും കണ്ടിട്ടുണ്ട്. സഭയുടെ പ്രാതിനിധ്യ സ്വഭാവം ഇത്തരം വിമർശനങ്ങളെ എല്ലാ സന്ദർഭഞളിലും തള്ളിക്കളഞ്ഞിട്ടുമുണ്ട്. ലോക കേരള സഭയിലേക്ക് അംഗത്വം ആഗ്രഹിക്കുന്ന ആർക്കും സഭയുടെ സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാൻ കഴിയാവുന്ന സുതാര്യ സംവിധാനമുണ്ട്.

പ്രവാസ ലോകത്ത് തുശ്ചമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവരും സഭയുടെ സമ്മേളനത്തിൽ പല തവണ പ്രതിനിധികളായി വന്നിട്ടുണ്ട്. ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിൽ ആടുജീവിതം എന്ന നോവലിലൂടെ കേരളക്കര മുഴുവൻ അറിഞ്ഞ നജീബിന്റെ സാന്നിധ്യം ഒരു ഉദാഹരണം മാത്രം. ഇത്തവണയും സാമ്പത്തികമോ, മറ്റു താല്പര്യങ്ങളോ ഇല്ലാത്ത പൊതു സമ്മതരായ പ്രവാസി വ്യക്തിത്വങ്ങൾ സഭയിൽ ഉണ്ടാകും എന്നുറപ്പാണ്.

മലയാളികളുടെ പ്രവാസ ലോകം എങ്ങനെയെല്ലാമാണോ അങ്ങനെയെല്ലാമാണ് ലോക കേരള സഭയിലെ പ്രാതിനിധ്യവും എന്നർത്ഥം .പ്രവാസി സഭയുടെ ലക്ഷ്യവും ചർച്ചകളും തീരുമാനവും തമസ്കരിച്ച് അവിടെയുണ്ണുന്ന കറിക്കുട്ടുകളെ ചർച്ചയാക്കാൻ ഏതാനും മാധ്യമ സ്ഥാപനങ്ങളും തയ്യാറായിർപ്പുണ്ടാവും. സർക്കാറിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എടുത്ത് പറഞ്ഞ് ലോക കേരള സഭയെ വിമർശിക്കാനാണ് പുറപ്പാട് . ഓരോ വർഷത്തെയും ബജറ്റിൻ്റെ ഭാഗം കൂടിയാണ് ലോക കേരള സഭ എന്നവർ മറക്കുന്നു. സാമ്പത്തിക പരാധീനതകളിൽ മുങ്ങിപ്പോവേണ്ടതല്ല പ്രവാസികളുടെ ജനാധിപത്യ വേദിയുടെ ഉത്സവം .ജനാധിപത്യം ജനങ്ങളുടെ ഉത്സവമാണ് . ആ അർത്ഥത്തിൽ ലോക കേരള സഭ പ്രവാസികളുടെ ഉത്സവം തന്നെയാണ് .

ലോക കേരള സഭ സമ്മേളനത്തിന് ആശംസകൾ .

കുഞ്ഞമ്മദ് കൂരാച്ചുണ്ട്
(മുൻ ലോക കേരള സഭ അംഗം )