2 സെലിബ്രിറ്റികൾ ഉൾപ്പെടെ കുവൈറ്റ് ഒറ്റ ദിവസം റദ്ദാക്കിയത് 3000-ത്തിലേറെ പേരുടെ പൗരത്വം

അനധികൃതമായി പൗരത്വം നേടിയെടുത്തവർക്കെതിരായ നടപടി തുടർന്ന് കുവൈറ്റ്. 3000-ത്തിലേറെ പേരുടെ പൗരത്വമാണ് കഴിഞ്ഞ ദിവസം മാത്രം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയത്. പൗരത്വം റദ്ദാക്കിയതിൽ രണ്ടു സെലിബ്രിറ്റികളും ഉൾപ്പെടുന്നുണ്ട്. പ്രശസ്ത കുവൈറ്റ് നടനും കലാകാരനുമായ ദാവൂദ് ഹുസൈന്‍, അറിയപ്പെട്ട അറബ് ഗായിക നവാല്‍ അല്‍ കുവൈത്തി എന്നിവരുടെ പൗരത്വമാണ് റദ്ദാക്കിയത്. ഇവരുടെ കുവൈറ്റ് പൗരത്വം പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കുവൈറ്റിന്‍റെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതായി കുവൈറ്റ് ദിനപത്രമായ അല്‍ ഖബാസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ആഴ്ച 1,758 പേരുടെ കുവൈറ്റ് പൗരത്വമാണ് റദ്ദാക്കപ്പെട്ടത്. ദേശീയത അന്വേഷിക്കുന്നതിനുള്ള സുപ്രീം കമ്മിറ്റിയാണ് കഴിഞ്ഞ വ്യാഴാഴ്ച പട്ടിക പ്രസിദ്ധീകരിച്ചത്. അതിനിടെ, കഴിഞ്ഞ ഒരു ദിവസം മാത്രം 3,035 സ്ത്രീകളും അവരുടെ ആശ്രിതരും ഉള്‍പ്പെടെ 3,053 വ്യക്തികളില്‍ നിന്ന് കുവൈറ്റ് പൗരത്വം പിന്‍വലിക്കാനുള്ള ഉത്തരവും ഇതേ പാനല്‍ പുറപ്പെടുവിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് നിയമവിരുദ്ധമായി പൗരത്വം കൈവശം വച്ചവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടി ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.

ഇരട്ട പൗരത്വമുള്ളവരെക്കുറിച്ചോ വ്യാജരേഖ ചമച്ച് അത് നേടിയവരെക്കുറിച്ചോ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്നതിന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരു ഹോട്ട്ലൈന്‍ സ്ഥാപിച്ചിരുന്നു. ബന്ധപ്പെട്ട വിവരങ്ങളുള്ള പൊതുജനങ്ങളോട് അക്കാര്യം ഹോട്ട്ലൈന്‍ വഴി റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.