തീ പിടുത്ത ദുരന്തം: മരിച്ച മലയാളികളുടെ കുടുബങ്ങൾക്ക് 5 ലക്ഷം രൂപ സർക്കാർ ധനസഹായം, ആരോഗ്യമന്ത്രി കുവൈത്തിലേക്ക്

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്.

അതെ സമയം 24 മലയാളികളാണ് തീപിടുത്തത്തിൽ മരിച്ചതെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. ഇവരില്‍ 19 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി.

ഇന്നലെ പുലർച്ചെ ആണ് കുവൈത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു പരിക്കേറ്റവരെ രാജ്യത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെ കെട്ടിടത്തില്‍ തീ ആളിപ്പടരുകയായിരുന്നു. . കുവൈത്ത് ആഭ്യന്തരമന്ത്രി ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ട് സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് ഇന്ത്യൻ അംബാസഡറും സ്ഥലത്തെത്തിയിരുന്നു.