കുവൈത്തിൽ പെരുന്നാൾ അവധി ദിനങ്ങൾ ഇങ്ങനെ

കുവൈത്തിൽ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ഏപ്രില്‍ 21 വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 25 ചൊവ്വാഴ്ച വരെ 5 ദിവസത്തെ അവധ് ആണ് ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും ഈ അവധി ദിനങ്ങള്‍ ബാധകമായിരിക്കും.

അവധിക്ക് ശേഷം ഏപ്രില്‍ 26 ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പ്രവര്‍ത്തനം പുനഃരാരംഭിക്കും. അതേസമയം പ്രത്യേക സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അവധി സംബന്ധിച്ച് പൊതുതാത്പര്യം മുന്‍നിര്‍ത്തി ബന്ധപ്പെട്ട അധികൃതര്‍ തന്നെ തീരുമാനമെടുക്കുമെന്നും കുവൈത്ത് വാര്‍ത്താ ഏജന്‍സിയുടെ അറിയിപ്പില്‍ പറയുന്നു. ഒമാന്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇക്കുറി മാര്‍ച്ച് 23നാണ് റമദാന്‍ വ്രതം ആരംഭിച്ചത്. അറബി മാസങ്ങളില്‍ റമദാന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയ്യതിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.