കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700 ഓളം പേർ നഴ്സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ കടന്നുവെന്നാണ് കുവൈത്ത് ബാങ്ക് അധികൃതർ സംസ്ഥാന പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.സംഭവത്തിന്റെ ഇടനിലക്കാരായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കും.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കുവൈത്തിലെ ഗൾഫ് ബാങ്ക് അധികൃതർ കേരളത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. 2020 -22 കാലത്ത് ബാങ്കിൽ നിന്നും ചെറിയ ലോൺ എടുത്താണ് തട്ടിപ്പ് തുടങ്ങിയത്. അതെ സമയം ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികളെല്ലാം കുവൈത്തിലെ സർക്കാർ സർവീസിലെ ജീവനക്കാരെന്ന് വിവരം. ഇതിന് പുറമെ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജീവനക്കാരായിരുന്ന 700 ഓളം മലയാളി നഴ്‌സുമാരുമാണ് ഗൾഫ് ബാങ്ക് കുവൈത്തിനെ ചതിച്ച് മുങ്ങിയത്. സർക്കാർ ജീവനക്കാർക്ക് ഉയർന്ന ശമ്പളമായതിനാൽ എളുപ്പത്തിൽ വായ്പ ലഭിക്കുമെന്നതാണ് പ്രതികൾക്ക് നേട്ടമായത്. ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് പൊലീസും ബാങ്ക് അധികൃതരും സംശയിക്കുന്നത്.