12 വർഷത്തെ കാത്തിരിപ്പിന് അറുതി; നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി, ജയിലിൽ എത്താൻ നിർദേശം

യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നിമിഷപ്രിയ തടവിൽ കഴിയുന്ന യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്താൻ ജയിൽ അധികൃതർ നിർദേശം നൽകി. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ജയിൽ അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായത്. നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.

12 വ‍ർഷത്തിന് ശേഷമാണ് പ്രേമകുമാരി മകൾ നിമിഷപ്രിയയെ കാണുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം നാലരയോടെയാകും കൂടിക്കാഴ്ച നടക്കുക. കഴിഞ്ഞ ദിവസമാണ് നിമിഷപ്രിയയെ കാണാനും മോചനപ്രവ‍‌ർത്തനങ്ങൾക്കുമായി പ്രേമകുമാരി യമനിലെത്തിയത്.

മകളെ കാണണമെന്ന പ്രേമകുമാരിയുടെ ആവശ്യത്തിന് നേരത്തേ കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഡൽഹി ഹൈക്കോടതിയാണ് യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെയാണ്‌ ആക്ഷൻ കൗൺസിൽ മുൻകൈയെടുത്ത് വിസ തരപ്പെടുത്തിയത്. കിഴക്കമ്പലത്തെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയാണ് പ്രേമകുമാരി.