പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റിന് ഡേറ്റ് നൽകും: മന്ത്രി ഗണേഷ് കുമാർ

പ്രവാസി മലയാളികള്‍ അവധിക്കു നാട്ടില്‍ എത്തുമ്പോള്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഡേറ്റ് നല്‍കുമെന്ന് കേരള ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ തുടരുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി തിരുവോണദിനത്തില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിക്ക് കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റും ബഹ്‌റൈൻ കേരളീയ സമാജം കോർ കമ്മിറ്റി രാജേഷ് കോടോത്ത് ആണ് നിവേദനം നൽകിയത്.

പ്രവാസികൾക്ക് അഞ്ചു ദിവസത്തിനുള്ളിൽ ഡ്രൈവിങ് ടെസ്റ്റ് ഡേറ്റ് നൽകാനുള്ള സംവിധാനമുണ്ടാക്കുമെന്ന് നിവേദനം പരിഗണിച്ച് കൊണ്ട് ഉടൻ തന്നെ മന്ത്രി പ്രഖ്യാപിച്ചപ്പോൾ നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെയാണ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. സദസ്സിനെ അഭിസംബോധന ചെയ്ത മന്ത്രി, ലോകത്തിലെ തന്നെ ഏറ്റവും വലുതും നീണ്ടുനില്‍ക്കുന്നതുമായ ഓണാഘോഷം സംഘടിപ്പിക്കുന്ന ബഹ്റൈന്‍ കേരളീയ സമാജത്തെ അഭിനന്ദിച്ചു.

പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ ഒരു തീരുമാനം ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വേദിയിൽ വച്ച് ഉണ്ടായതിൽ അഭിമാനമുണ്ടെന്ന് സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പ്രതികരിച്ചു. തിരുവോണദിനം സമാജം കുടുംബങ്ങളുടെയും മലയാളി സമൂഹത്തിന്റെയും കൂടെ ചിലവഴിക്കാന്‍ അദ്ദേഹം കാണിച്ച മഹാമനസ്‌കതയെയും അദ്ദേഹം അഭിനന്ദിച്ചു. സമാജം ജനറല്‍ സെക്രട്ടറി വര്‍ഗീസ് കാരക്കല്‍ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ദിലീഷ്‌കുമാര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് യുവാക്കളുടെ ഹരമായ താമരശ്ശേരി ചുരം ബാന്‍ഡിന്റെ സംഗീത നിശ അരങ്ങേറി. ചൊവ്വാഴ്ച ഓണപ്പാട്ട് മത്സരം അരങ്ങേറും.