ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യോമഗതാഗതം സംബന്ധിച്ച കരാറാണിത്.കരാര്‍ നിലവില്‍ വന്നതോടെ അര്‍ഹരായ എല്ലാ യാത്രക്കാര്‍ക്കും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യോമസഞ്ചാരം സാധ്യമാവും. 2022 ജനുവരി ഒന്ന് മുതല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കരാറനുസരിച്ച് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും.
കരാര്‍ നിലവില്‍ വരുന്നതോടെ സൗദി പൗരന്മാര്‍, സൗദിയില്‍ ജീവിക്കുന്നവര്‍, സൗദി അറേബ്യന്‍ വിസ കൈവശമുള്ള ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്ക് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് യാത്ര ചെയ്യാം. അതുപോലെ സൗദിയിലുള്ള ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍, ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ കാര്‍ഡുള്ളവര്‍, ഇന്ത്യന്‍ വിസ കൈവശമുള്ള നയതന്ത്ര പ്രതിനിധികളടക്കമുള്ള സൗദി പൗരന്മാര്‍ എന്നിവര്‍ക്ക് സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും യാത്ര ചെയ്യാം.
സൗദി എയർലൈൻസും എയർ ഇന്ത്യയുമാകും കൂടുതൽ സർവീസ് നടത്തുക. അതേസമയം വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ ഇറങ്ങാൻ അനുമതി നൽകാത്തത് തിരിച്ചടിയാകും. വിവിധ കാരണങ്ങൾ പറഞ്ഞാണ് അനുമതി നിഷേധിക്കുന്നത്. സൗദി എയർലൈൻസ് വിമാനങ്ങൾ ഇതോടെ കൊച്ചിയിലേക്കാകും കൂടുതൽ സർവീസ് നടത്തുകയെന്നാണ് വിവരം. പ്രവാസികൾ ഏറ്റവും കൂടുതലുള്ള മലബാറിലേക്ക് വലിയ വിമാനങ്ങൾക്ക് സർവീസിന് അനുമതി നൽകാത്തതിൽ പ്രതിഷേധമുണ്ട്.