ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പു വെച്ചു

ഇന്ത്യയും സൗദിയും തമ്മിലുള്ള ഹജ്ജ് കരാര്‍ ഒപ്പു വെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ ഹജ്ജ് മന്ത്രി തൗഫീഖ് അൽ റബീഅയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഇരുരാജ്യങ്ങളിലെയും ഉന്നതോദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയിൽനിന്നുള്ള മുഴുവൻ തീർഥാടകർക്കും സമഗ്രമായ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് മെഡിക്കൽസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅയുമായി ചർച്ചചെയ്തതായി മന്ത്രി സ്മൃതി ഇറാനി ‘എക്സി’ൽ കുറിച്ചു. ഹജ്ജ് തീർത്ഥാടനത്തിൽ ആണ് തുണ ഇല്ലാതെ സ്ത്രീകൾക്ക് വരാനുള്ള അവസാനം കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു. എല്ലാ തീർഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കി, മെഡിക്കൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികളും ചർച്ച ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

വിദേശ, ആഭ്യന്തര ഹജ്ജ് ക്വാട്ടകളിൽ ഇത്തവണ മാറ്റമുണ്ടാകില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയിൽനിന്ന് 1,75,000 പേരാണ് ഇത്തവണ ഹജ്ജിനെത്തുക. ഇന്ത്യൻ തീർഥാടകരുടെ രജിസ്‌ട്രേഷൻ ഡിസംബർ നാലിന് ആരംഭിച്ചിരുന്നു. കേരളത്തിന് ഇത്തവണയും മൂന്ന് വിമാനത്താവളങ്ങള്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി അനുവദിച്ചേക്കും. ഇന്ത്യയില്‍ കേരളത്തില്‍ മാത്രമാണ് മൂന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുള്ളത്. ഈ വര്‍ഷം മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കേരളം, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഹാജിമാരെത്തുക.