‘റിയാദ് എയര്‍’; പുതിയ ദേശീയ വിമാന കമ്പനി പ്രഖ്യാപിച്ച്‌ സൗദി അറേബ്യ

പുതിയ ദേശീയ വിമാന കമ്പനി പ്രഖ്യാപിച്ച്‌ സൗദി അറേബ്യ. ‘റിയാദ് എയര്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ എയർലൈനിന്റെ പ്രഖ്യാപനം നടത്തിയത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ്. പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന കമ്പനിയാണ് റിയാദ് എയര്‍. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വന്‍കരകള്‍ക്കിടയില്‍ സൗദിയുടെ വ്യാപാര, വിനോദസഞ്ചാര സ്ഥാനങ്ങള്‍ ഉറപ്പാക്കുക, റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുക തുടങ്ങിയവയാണ് കമ്പനിയിലൂടെ ലക്ഷ്യമിടുന്നത്.

പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍ റുമയ്യാനാണ് റിയാദ് എയറിന്റെ ചെയര്‍മാന്‍. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി വ്യോമയാന, ഗതാഗത, ചരക്കുനീക്ക മേഖലകളില്‍ 40 വര്‍ഷത്തിലേറെ പരിചയമുള്ള ടോണി ഡഗ്ലസിനെയാണ് നിയമിച്ചത്. അത്യാധുനിക സാങ്കേതികവിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള ലോകോത്തര വിമാന കമ്പനിയായിരിക്കും റിയാദ് എയര്‍. കൂടാതെ നൂതന വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസും റിയാദ് എയര്‍ നടത്തുമെന്ന് കമ്പനി അറിയിച്ചു. സൗദിയുടെ ദേശീയ വിമാനകമ്പനിയായ സൗദിയക്കും പുതിയ എര്‍ലൈന്‍നുമായി എയര്‍ബസില്‍നിന്നും 40 എ350 ജെറ്റുകള്‍ വാങ്ങുന്നതുമായി കഴിഞ്ഞ ഒക്‌ടോബറില്‍ സൗദി ചര്‍ച്ചനടത്തിയിരുന്നു. കൂടാതെ, രാജ്യത്തിന്റെ ഗതാഗത വിപുലീകരണത്തിനായി ബോയിങുമായും ചര്‍ച്ച നടത്തുന്നുണ്ട്.