വിദേശത്ത് ജോലി നേടുന്നവർ തട്ടിപ്പിന് ഇരയാകാതെ ജാഗ്രത പുലർത്തണമെന്ന നിർദേശവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. വിദേശത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് വഞ്ചിക്കപ്പെടുന്ന പരാതികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ. സാധുതയുള്ള തൊഴിൽവിസയിൽ മാത്രമേ വിദേശ രാജ്യത്ത് എത്താവൂ എന്ന് ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്യാത്ത ഏജന്റുമാർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന റിക്രൂട്ട്മെന്റ് ഡ്രൈവിനെതിരെ ജാഗ്രത പുലർത്തണം എന്നും എംബസ്സി നിർദേശിക്കുന്നു.
രജിസ്റ്റർ ചെയ്യാത്തതും നിയമവിരുദ്ധവുമായ റിക്രൂട്ടിങ് ഏജന്റുമാർ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടാതെയാണ് പ്രവർത്തിക്കുന്നത്. ഇവർ വ്യാജമോ, നിയമവിരുദ്ധമോ ആയ ജോലികൾ വാഗ്ദാനം ചെയ്യുകയും തൊഴിലന്വേഷകരിൽനിന്ന് രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയവയിലൂടെയാണ് ഇവർ ഇരകളെ വീഴ്ത്തുന്നത്. കൃത്യമായ ഓഫിസോ വിലാസമോ ഇല്ലാതെയാണ് ഇവർ പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെ പരാതി നൽകിയാൽ നടപടിയെടുക്കാനോ തട്ടിപ്പുകാരെ കണ്ടെത്താനോ പലപ്പോഴും സാധിക്കാറില്ല. ഗൾഫ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ, മധ്യേഷ്യൻ രാജ്യങ്ങൾ, ഇസ്രായേൽ, കാനഡ, മ്യാന്മർ, ലാവോസ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ വ്യാപകമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.
തൊഴിൽ കരാറിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച് വ്യക്തതയുണ്ടാകണം. രജിസ്റ്റർ ചെയ്ത റിക്രൂട്ട്മെന്റ് ഏജന്റുമാർ ഇന്ത്യൻ ഗവൺമെന്റ് കുടിയേറ്റ തൊഴിലാളികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി ഭാരതീയ ബീമാ യോജനയിൽ തൊഴിലന്വേഷകരെ നിർബന്ധമായും ചേർക്കണം.പ്രവാസി മരണപ്പെട്ടാൽ 10 ലക്ഷം രൂപ വരെ പ്രവാസി ഭാരതീയ ബീമാ യോജനയിൽ ചേർന്നാൽ ലഭിക്കും. ജോലി സംബന്ധമായ പരിക്കുകളുണ്ടായാലും ചികിത്സ ചെലവുകളടക്കം ആനുകൂല്യങ്ങൾ ലഭിക്കും. ഒറ്റത്തവണ പ്രീമിയം 275 രൂപയാണ് രണ്ടു വർഷത്തേക്കുള്ള കവറേജിന് നൽകേണ്ടത്.