ശക്തമായ മഴയും കാറ്റും ഇടിമിന്നലും, ജാഗ്രത നിർദേശവുമായി ഒമാൻ സിഎഎ

ഒമാന്റെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച (2024 ഏപ്രിൽ 14) ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. പുലർച്ചെ മൂന്ന് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെ പ്രതികൂല കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. രാജ്യത്തെ നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദാഖിലിയ, മസ്‍കത്ത്, സൗത്ത് അൽ ബാത്തിന ഗവർണറേറ്റകളിലാണ് കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത പ്രവചിച്ചിരിക്കുന്നത്.

30 മില്ലീമീറ്റർ മുതൽ 120 മില്ലീമീറ്റർ വരെയുള്ള തീവ്രതയിൽ മഴ പ്രതീക്ഷിക്കുന്നതിനാൽ പലയിടങ്ങളിലും ഇത് പെട്ടെന്നുള്ള പ്രളയങ്ങൾക്കും (Flash fled) വാദികൾ നിറഞ്ഞൊഴുകാനും കാരണമാവുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ശനിയാഴ്ച വൈകുന്നേരം പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. അതേസമയം തന്നെ അൽ ദാഹിറ, അൽ ബുറൈമി, നോർത്ത് അൽ ബാത്തിന എന്നീ ഗവർണറേറ്റുകളിലും അൽ വുസ്ത ഗവർണറേറ്റിന്റെ ചില ഭാഗങ്ങളിലും വിവിധ തീവ്രതയിലുള്ള മഴയ്ക്ക് സാധ്യതയുമുണ്ട്.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച 15 മുതൽ 45 നോട്സ് വരെ (മണിക്കൂറിൽ 28 മുതൽ 85 കിലോമീറ്റർ വരെ) വേഗത്തിൽ ശക്തമായ കാറ്റ് ഉണ്ടായേക്കും. ഒമാൻ തീരത്തും മുസന്ദം ഗവർണറേറ്റിലും രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരയടിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.ജാഗ്രതാ നിർദേശം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള നാഷണൽ മൾട്ടി ഹസാർഡ് ഏർലി വാണിങ് സെന്റർ അറിയിച്ചിരിക്കുകയാണ്.