യുഎഇയിൽ കനത്ത മഴ; നിരവധി വിമാനങ്ങൾ റദ്ദാക്കി

യുഎഇയിൽ കനത്ത മഴയെ തുടർന്ന് ദുബായിൽ നിന്നുമുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ഇസ്താംബൂൾ, നെയ്റോബി, കെയ്റോ, ജോഹന്നാസ്ബെർഡ്, ജോർദാൻ വിമാനങ്ങളാണ് റദ്ദാക്കിയത്. അബുദാബിയിലും ദുബൈയിലും ഇന്ന് പുലർച്ചെ ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നു. എമിറേറ്റ്സ് എയർലൈൻ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്കുള്ള മറ്റ് സർവ്വീസുകൾ വെട്ടിക്കുറച്ചു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

“മോശം കലാവസ്ഥ സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (DXB) വഴിയും ദുബൈ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) വഴിയും യാത്ര ചെയ്യുന്നവർ അതിനനുസരിച്ചുള്ള തയ്യാറെടുപ്പുകൾ മുൻകൂട്ടി നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഗതാഗക്കുരുക്ക് പോലുള്ള കാര്യങ്ങൾ മനസിലാക്കാൻ തത്സമയ ട്രാഫിക് വിവരങ്ങൾ നൽകുന്ന സ്മാർട്ട് ആപ്പുകൾ ഉപയോഗിക്കാം. ഒന്നും മൂന്നും ടെർമിനലുകളിലേക്ക് വരുന്നവർക്ക് ദുബൈ മെട്രോ ഉപയോഗിക്കുകയും ചെയ്യാം” – ദുബൈ എയ‍ർപോർട്ട്സ് വക്താവ് അറിയിച്ചു.

ശക്തമായ മഴയെ തുടർന്ന് ഷാർജയിലും ദുബൈയിലും സ്കൂളുകൾക്ക് വിദൂര പഠനം ഏർപ്പെടുത്തി. പാർക്കുകളും ബീച്ചുകളും അടച്ചു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കുന്ന കാര്യം പരിഗണിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഒമാനിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20-80 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പിൽ പറയുന്നത്.