യുഎഇയിൽ കനത്ത മഴ; റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിൽ പെയ്തത് റെക്കോര്‍ഡ് മഴ. 75 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതല്‍ ചൊവ്വ രാത്രി വരെ ലഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 254.8 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ ഐനിലെ ഖതം അല്‍ ഷക്ല പ്രദേശത്താണ്. അതിശക്തമായ മഴയാണ് യുഎഇയില്‍ കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായി. റാസൽഖൈമ വാദിയിൽ കാർ ഒഴുക്കിൽപ്പെട്ട് സ്വദേശി മരണപ്പെട്ടു. എമിറേറ്റിന്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്‌ഫ്‌നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി​. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്​. ദുബൈ വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ കാരണം റദ്ദാക്കി. കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിൽ നിന്നുള്ള വിമാനങ്ങളും കേരളത്തിലേക്ക് വരുന്നില്ല. ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.ദുബൈ മെട്രോ, ബസ്​, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു.

ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നാണ് നിർദേശം. സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിച്ചു. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വിദ്യാലയങ്ങൾക്ക് അവധിയാണ്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.