തുടരുന്ന മഴ, മഴയിൽ വിപണി മാന്ദ്യത്തിലെ ആശങ്കയിൽ ഒമാനിലെ വ്യാപാരികൾ

ഒമാനിൽ തുടരെ ഉണ്ടാകുന്ന ന്യുനമർദമഴയിലും കാറ്റിലും കച്ചവട കേന്ദ്രങ്ങളിൽ മാന്ദ്യം അനുഭവപ്പെടുന്നത് വ്യാപാരികളിൽ ആശങ്കയുണർത്തി.
കാലാവസ്ഥ അസ്ഥിരത തുടരുകയാണെങ്കിൽ റംസാൻ കച്ചവടം വേണ്ടവിധം ഉപയോഗിക്കാൻ കഴിയില്ലെന്ന് വ്യാപാരികൾ പറയുന്നു.അതേസമയം മഴ മാറി ഇന്നത്തോടെ അന്തരീക്ഷം തെളിയുമെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശക്തമായ മഴ ലഭിച്ച മേഖലകളിൽ ഇന്ന് നല്ല കാലാവസ്ഥയാണ് കാണാൻ കഴിയുന്നത്.

റംസാൻ സമയങ്ങളിൽ നല്ല കച്ചവടം നടക്കേണ്ടുന്ന സമയത്താണ് മഴയും കാറ്റും ആലി പഴ വർഷവും ഉണ്ടായത്. മഴ കനത്ത്‌ പെയ്തെങ്കിലും കർശന മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും അധികൃതർ കർശനമായി നടപ്പാക്കിയത് കൊണ്ട് അനിഷ്ട സംഭവങ്ങൾ വളരെ കുറവാണ്. പല സ്ഥലങ്ങളിലും വെള്ളം കയറി ബുറൈമി,ഫലജ്,സൊഹാർ. സഹം, കാബൂറ, ബിദായ, കദ്റ,മുസ്സന്ന. ബർക്ക മസ്കത്ത്‌ എന്നിവിടങ്ങളിൽ നല്ല മഴയാണ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ലഭിച്ചത്.വരാന്ത്യ അവധി ദിവസങ്ങളിൽ നല്ല കച്ചവടം നടക്കേണ്ട മത്ര, സീബ്, നിസ് വ ബുറൈമി സൂക്കുകളിൽ ആളുകൾ നന്നേ കുറവായിരുന്നു മത്ര സൂക്കിൽ വെള്ളം കയറിയെങ്കിലും മഴ അറിയിപ്പ് ലഭിച്ചതു മുതൽ കച്ചടവക്കാർ മുന്നൊരുക്കങ്ങൾ നടത്തിയത് കാരണം നാശനഷ്ടങ്ങൾ വളരെ കുറവായിരുന്നു.

റംസാൻ തുടങ്ങുന്നതിന് മുൻപുള്ള അവധി ദിവസങ്ങളിൽ മാർക്കറ്റുകളിലും പാരമ്പര്യ സൂക്കുകളിലും ഹൈപ്പർ മാർക്കറ്റുകളിലും മറ്റു കച്ചവട കേന്ദ്രങ്ങളിലും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. എന്നാൽ മഴയും കാറ്റും കാരണം ആളുകൾ പുറത്തിറങ്ങിയില്ല. റംസാൻ മുന്നിൽ കണ്ട് വില്പനയ്ക്കായ് സാധങ്ങളുടെ വലിയ ശേഖരം സ്റ്റോറുകളിൽ കരുതിയിരുന്നെങ്കിലും വിപണി ഉണർന്നില്ല എന്ന് കച്ചവടക്കാർ പറയുന്നു.
ബുറൈമിയിൽ ഇന്നലെ വെള്ളം കയറി ആർക്കും ചെന്നെത്താൻ കഴിയാത്തവിതം കടകൾ തന്നെ വെള്ളത്തിന് അടിയിലായ അവസ്ഥയിലായിരുന്നു.

ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലെയും പ്രാദേശിക വിപണികളിലെയും കച്ചവട കേന്ദ്രങ്ങളിലും എല്ലാ അവശ്യ സാധനങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടെയും ലഭ്യത ഉറപ്പ് വരുത്തിയതായി ഉപഭോക്ത സംരക്ഷണ വിഭാഗം അറിയിച്ചു വില വർധിപ്പിക്കരുതെന്ന് വാണിജ്യ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
(കുറിപ്പ് ; റഫീഖ് പറമ്പത്ത്/ ദേശാഭിമാനി പ്രവാസി സെക്ഷൻ)

അതെ സമയം മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. മണിക്കൂറിൽ 27 മുതൽ 46 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും എന്നാണ് മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെ ഭാഗമായി പെയ്യുന്ന മഴയിൽ കടൽ പ്രക്ഷുബ്ധം ആവാനും സാധ്യത. രണ്ടു മുതൽ മൂന്നു കിലോമീറ്റർ വരെ വേഗത്തിൽ തിരമാലകൾ ഉയരാൻ സാധ്യതയെന്നും, വാദികളിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.