പ്രവാസികൾക്ക് സന്തോഷ വാർത്ത; താത്കാലികമായി നിർത്തിവെച്ച അബുദാബി ബിഗ് ടിക്കറ്റ് റാഫിൾ നറുക്കെടുപ്പ് പുനരാരംഭിച്ചു

മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങുന്നു. ഇന്ന് മുതൽ ടിക്കറ്റിന്റെ പ്രവർത്തനം പുനരാരംഭിക്കും. അടുത്ത തത്സമയ നറുക്കെടുപ്പ് ജൂൺ 3 ന് ഷെഡ്യൂൾ ചെയ്തതായും അധികൃതർ അറിയിച്ചു. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന നറുക്കെടുപ്പിനായി ടിക്കറ്റ് വാങ്ങുന്നവരിൽ ഒരു ഭാഗ്യശാലിക്ക് 10 മില്യൺ ദിർഹം നേടാനുള്ള അവസരം ഉണ്ടായിരിക്കുമെന്നും രണ്ട് ടിക്കറ്റുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരെണ്ണം സൗജന്യമായി ലഭിക്കുമെന്നും റാഫിൾ ഓപ്പറേറ്റർ അറിയിച്ചു.

ഇക്കഴി‌ഞ്ഞ ഏപ്രിൽ മാസത്തിലാണ് പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് അബുദാബി ബിഗ് ടിക്കറ്റ് അധികൃതരിൽ നിന്ന് പുറത്തുവന്നത്. ഏപ്രിൽ ഒന്നാം തീയ്യതി മുതൽ പ്രവ‍ർത്തനങ്ങൾ താത്കാലികമായി നിർത്തുകയായിരുന്നു. യുഎഇയിൽ അടുത്തിടെ പ്രാബല്യത്തിൽ വന്ന പുതിയ ഗെയിമിങ് ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് ബിഗ് ടിക്കറ്റും പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചത്.