ഹജ്ജിന് ഇന്ന് തുടക്കം, രണ്ട് ദശലക്ഷത്തോളം തീർത്ഥാടകര്‍ മിനായിൽ

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ലക്ഷക്കണക്കിന് തീർത്ഥാടകർ ഇന്ന് മിനായിൽ. മിനാ താഴ്വരയിൽ ഒരുമിച്ച് കൂടിയ വിശ്വാസികൾ പ്രാർത്ഥനകൾ ഉരുവിട്ട് ഇന്ന് സൂര്യാസ്തമനത്തോടെ അറഫ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങും.ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കേ ഇരുപത് ലക്ഷത്തോളം തീർഥാടകർ മിനായിലെത്തി. ‘ദൈവത്തിൻറെ വിളിക്കുത്തരം നൽകുന്നു’ എന്ന് അർഥമുള്ള ‘ലബൈക്’ മന്ത്രങ്ങളുമായാണ് രണ്ട് ദശലക്ഷത്തോളം തീർഥാടകർ തൂവെള്ള വസ്ത്ര ധാരികളായി മിനായുടെ താഴ്വാരത്തിലെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ തന്നെ തീർഥാടകർ തമ്പുകളുടെ ഈ താഴ്വര ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ ഭൂരിഭാഗം തീർഥാടകരും മിനായിലെത്തും. മിനായിൽ പ്രത്യേകിച്ച് കർമങ്ങളൊന്നുമില്ല. ഹജ്ജിലെ പരമപ്രധാനമായ അറഫ സംഗമത്തിന്‌ മനസും ശരീരവും പാകപ്പെടുത്തി ഒരുങ്ങുക മാത്രമാണ് മിനായിൽ ഹാജിമാർ നിർവഹിക്കുന്നത്. അഞ്ചു നേരത്തെ നമസ്‍കാരങ്ങൾ തമ്പുകളിൽ സമയത്ത് നിർവഹിക്കും. അറഫ സംഗമം ശനിയാഴ്ചയാണ്. തിരക്കൊഴിവാക്കാൻ തീർഥാടകർ വെള്ളിയാഴ്ച രാത്രി മുതൽ അറഫയിലേക്ക് നീങ്ങി തുടങ്ങും. ശനിയാഴ്ച ഉച്ചക്ക് മുമ്പായി മുഴുവൻ തീർഥാടകരും അറഫയിൽ എത്തും. രോഗികളായി ആശുപത്രികളിലുള്ളവരെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി അറഫയിൽ എത്തിക്കും.