യുഎഇ; സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ മുന്നറിയിപ്പ്

ദുബായിലെ ടോള്‍ ഗേറ്റ് ഓപ്പറേറ്റര്‍ സാലിക്കിലെ നിക്ഷേപ അവസരങ്ങളെക്കുറിച്ചുള്ള വ്യാജ പ്രചാരണത്തിനെതിരെ മുന്നറിയിപ്പ്. നിക്ഷേപ അവസരങ്ങളിലൂടെ താമസക്കാര്‍ക്ക് പ്രതിമാസ വരുമാനം 35,600 ദിര്‍ഹം എന്ന പ്രചരണം വ്യാജമാണെന്നും ഇത് വിശ്വസിക്കരുതെന്നും സാലിക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ദുബായിയുടെ ഏറ്റവും ഒടുവിലത്തെ ആകർഷണമായ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ പ്രവേശന ടിക്കറ്റിന് 50% ഇളവ് എന്ന വ്യാജ പരസ്യം നൽകിയ വെബ് സൈറ്റിനെതിരെ അധികൃതർ നടപടി സ്വീകരിച്ചിരുന്നു.

കമ്പനിയുടെ പേര് ദുരുപയോഗം ചെയ്യുന്ന വെബ്‌സൈറ്റുകൾ, ഇമെയിലുകൾ, സോഷ്യൽ മീഡിയ തട്ടിപ്പ് എന്നിവയിൽ ഉപഭോക്താക്കളും നിക്ഷേപകരും ജാഗ്രത പാലിക്കണമെന്ന് സാലിക് പ്രസ്താവനയിൽ പറയുന്നു. ടോള്‍ ഓപ്പറേറ്റര്‍ ഉപഭോക്താക്കളോട് എല്ലാ വിവരങ്ങളും അതിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം സ്വീകരിക്കണമെന്ന് സാലിക്ക് അധികൃതര്‍ ആവശ്യപ്പെട്ടു. വാഹനമോടിക്കുന്നവർക്കും ഉപയോക്താക്കൾക്കുമായി സാലിക് അടുത്തിടെ അതിന്റെ നിബന്ധനകളും വ്യവസ്ഥകളും പുതുക്കിയിരുന്നു.

സംശയാസ്പദമായ ലിങ്കുകളിലോ പോപ്പ്അപ്പ് പരസ്യങ്ങളിലോ ക്ലിക്ക് ചെയ്യരുതെന്നും ഏറ്റവും പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾക്കായി സാലിക്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റും ആശയവിനിമയ ചാനലുകളും മാത്രം സന്ദർശിക്കണമെന്നും പ്രസ്താവനയിൽ നിർദേശിച്ചു. സാലിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇബ്രാഹിം അല്‍ ഹദ്ദാദിന്റെ ഫോട്ടോ പതിച്ച വ്യാജ വെബ്‌സൈറ്റും പ്രചരിക്കുന്നുണ്ട്.