സൗദിയിൽ ഡീസൽ വിലയിലും, ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വിലയിലും വർധനവ്

സൗദിയിൽ ഡീസൽ വിലയിലും, ഖത്തറിൽ പ്രീമിയം പെട്രോളിന്റെ വിലയിലും വർധനവ്. സൗദി അറേബ്യയിൽ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ റീട്ടെയിൽ വില പുതുക്കിനിശ്ചയിച്ചതായി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ അറിയിച്ചു. ഡീസൽ വിലയാണ് വലിയതോതിൽ വർധിപ്പിച്ചത്. നിലവിലെ 75 ഹലാലയിൽനിന്ന് 1.15 റിയാലായാണ് ഉയർത്തിയത്. എന്നാൽ മറ്റിനങ്ങളിൽ വില വർധനയില്ല. 91 പെട്രോളിന് 2.18 റിയാലും 95 പെട്രോളിന് 2.33 റിയാലും മണ്ണെണ്ണക്ക് 93 ഹലാലയും പാചക വാതകത്തിന് 95 ഹലാലയുമാണ്.

ഖത്തറില്‍ പ്രീമിയം പെട്രോളിന്റെ വില കൂട്ടി. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.95 റിയാല്‍ ആണ് ജനുവരിയിലെ നിരക്ക്. എന്നാല്‍ സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ നിരക്കിൽ മാറ്റമില്ല. 2.10 റിയാലാണ് ജനുവരിയിലെ നിരക്ക്. ഡീസല്‍ വിലയിലും മാറ്റമില്ല. 2.05 റിയാലാണ് വില. ഖത്തര്‍ എനര്‍ജി ആഗോള എണ്ണ വിപണിയിലെ നിരക്കനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.

അതേസമയം, പുതുവർഷ സമ്മാനമായി യുഎഇയിലെ‍ പെട്രോൾ-ഡീസൽ വില കുറച്ചു. പെട്രോൾ ലിറ്ററിന് 14 ഫിൽസ് വീതവും ഡീസൽ 19 ഫിൽസുമാണ് കുറച്ചത്. ഇതോടെ സൂപ്പർ പെട്രോളിന്റെ വില 2.96 ദിർഹത്തിൽ നിന്നും 2.82 ദിർഹമായി കുറഞ്ഞു. 2.71 ദിർഹമാണ് സ്പെഷ്യൽ പെട്രോളിന്റെ പുതിയ നിരക്ക്.