യൂറോപ്യൻ മാതൃകയിൽ ഷെങ്കൻ വിസയ്ക്ക് ഒരുങ്ങി ജിസിസി

യൂറോപ്പിലേക്കുള്ള നിലവിലെ ഷെങ്കൻ വിസ മാതൃകയിൽ ജിസിസി രാജ്യങ്ങളിലേക്കും ഏകീകൃത വിസ വരുന്നു. ഈ വർഷം അവസാനത്തോടെയാണ് ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാകുക. ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിലാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള യാത്രകള്‍ക്ക് വലിയ സാധ്യതകള്‍ തുറക്കുന്നതാണ് പുതിയ വിസ സംവിധാനം. ഏകദേശം പതിനായിരം മുതൽ പതിനഞ്ചായിരം രൂപ വരേയ്ക്കാവും ഷെങ്കൻ വിസ ലഭ്യമാകുക എന്നാണ് സൂചന.

അതെ സമയം ഗള്‍ഫ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി ഗ്രാന്‍ഡ് ടൂര്‍സ് എന്ന് പേര് നല്‍കിയതായി യുഎഇ ധനകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മാരി അറിയിച്ചു. പുതിയ വിസ അവതരിപ്പിക്കുന്നതിലൂടെ മേഖലയിലെ പ്രവര്‍ത്തനങ്ങളും തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2024 അവസാനത്തോടെ ഈ സംവിധാനം പ്രവര്‍ത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാര്‍ജ കൊമേഴ്‌സ് ആന്‍ഡ് ടൂറിസം അതോറിറ്റി ചെയര്‍മാനായ ഖാലിദ് ജാസിം അല്‍ മിദ്ഫ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നടന്ന യോഗത്തിലാണ് ജിസിസി ടൂറിസം മന്ത്രിമാര്‍ ഏകകണ്ഠമായി ഗള്‍ഫ് വിസയ്ക്ക് അംഗീകാരം നല്കിയത്.