യുഎഇയിൽ നിന്ന് നിക്കാരാഗ്വയിലേക്ക് 303 ഇന്ത്യാക്കാരുമായി പറന്ന ചാര്‍ട്ടേര്‍ഡ് വിമാനം ഫ്രാൻസിൽ തടഞ്ഞുവച്ചു. മനുഷ്യക്കടത്ത് സംശയിച്ചാണ് ഫ്രാൻസിലെ അധികൃതര്‍ വിമാനം തടഞ്ഞത്. സാങ്കേതിക തകരാറു മൂലം വിമാനം നിര്‍ത്തിയപ്പോഴാണ് സംഭവം. മനുഷ്യക്കടത്ത് സംശയിക്കുന്നുവെന്നും വിമാനത്തിലെ യാത്രക്കാരെ ചോദ്യം ചെയ്യുകയാണെന്നും എ എഫ് പി റിപ്പോട്ട് ചെയ്യുന്നു. ലെജൻഡ് എയർലൈൻസ് നടത്തുന്ന എ 340 എന്ന കമ്പനിയുടേത് ആണ് ചാർട്ടേഡ് വിമാനം. സംഭവത്തിൽ ഫ്രാൻസിൽ ഔദ്യോഗിക ഏജൻസികൾ അന്വേഷണം ആരംഭിച്ചു.
യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് വിമാന അധികൃതരോടും, യാത്രക്കാരോടും അന്വേഷിക്കാൻ തുടങ്ങിയപ്പോൾ ആണ് സംശയം തോന്നിയ പോലീസ് യാത്രക്കാരെ വിമാനത്തിൽ നിന്നും പുറത്ത് ഇറക്കി വിശദമായ അന്വേഷണം ആരംഭിച്ചത്. യാത്രക്കാരിൽ ചിലർ അനധികൃത കുടിയേറ്റക്കാരാണെന്ന് വിശ്വസിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.ഫ്രാൻസിന്റെ ദേശീയ സംഘടിത കുറ്റകൃത്യ വിരുദ്ധ യൂണിറ്റ് ജുനാൽകോ അന്വേഷണം ഏറ്റെടുത്തതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കോ കാനഡയിലേക്കോ അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനായി ഇന്ത്യൻ യാത്രക്കാർ മധ്യ അമേരിക്കയിലേക്ക് പോകാൻ പദ്ധതിയിട്ടിരിക്കാമെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
അതെ സമയം സംഭവവുമായി ബന്ധപ്പെട്ടു ഫ്രാൻസിലെ ഇന്ത്യൻ എംബസ്സി പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. “ദുബായിൽ നിന്ന് നിക്കരാഗ്വയിലേക്ക് പോയ 303 പേർ, കൂടുതലും ഇന്ത്യൻ വംശജർ, ഫ്രഞ്ച് വിമാനത്താവളത്തിൽ സാങ്കേതിക തടങ്കലിൽ വച്ചിരിക്കുന്ന വിമാനത്തെക്കുറിച്ച് ഫ്രഞ്ച് അധികൃതർ ഞങ്ങളെ അറിയിച്ചു. എംബസി സംഘം വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.. യാത്രക്കാരുടെ ക്ഷേമവും, സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് ഞങ്ങൾ സ്ഥിതിഗതികൾ അന്വേഷിക്കുകയാണ്.” അവർ ട്വിറ്ററിൽ കുറിച്ചു്.