സൗദിയിലെ ആദ്യ ഹോഴ്സ് ജമ്പിങ് ചാമ്പ്യൻഷിപ്പിന് തബൂക്ക് നഗരത്തിൽ തുടക്കം

സൗദി അറേബ്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഹോഴ്സ് ജമ്പിങ് ചാമ്പ്യൻഷിപ്പിന് തബൂക്ക് നഗരത്തിൽ തുടക്കം. കായിക മന്ത്രാലയത്തിെൻറ തബൂക്ക് ശാഖയും സൗദി കുതിരസവാരി ഫെഡറേഷനും സംയുക്തമായി തബൂക്കിലെ തുനയാന സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ സ്ത്രീപുരുഷന്മാരായ 18 അത്ലറ്റുകൾ മത്സരിച്ചു.

തുടക്കക്കാർക്കായി 70-80 സെൻറീമീറ്ററും അമച്വർ വിഭാഗത്തിൽ 90-100 സെൻറീമീറ്ററും ഉയരമുള്ള ഹർഡിലുകൾ ചാടിക്കടന്നുള്ള രണ്ട് റൗണ്ട് മത്സരങ്ങൾക്കാണ് ആദ്യ ദിനം സാക്ഷ്യം വഹിച്ചത്. തുടക്കക്കാരുടെ വിഭാഗത്തിൽ റൈഡർ അബ്ദുൽ ഇലാഹ് അൽഷഹ്‌റാനി ഒന്നാം സ്ഥാനവും മുഖ്രിൻ മുഷബാബ് അൽഷഹ്‌റാനി രണ്ടാം സ്ഥാനവും മൊവാസ് അൽറഹ്മാനി മൂന്നാം സ്ഥാനവും നേടി. അമേച്വർ വിഭാഗത്തിൽ അബ്ദുറഹ്മാൻ അൽമുർഷിദ് ഒന്നാം സ്ഥാനത്തിനും അബ്ദുല്ല അൽഗാംദി രണ്ടാം സ്ഥാനത്തിനും മുഹമ്മദ് അൽ ഷെഹ്‌രി മൂന്നാം സ്ഥാനത്തിനും അർഹത നേടി.

കുതിരസവാരി മത്സരം പോഷിപ്പിക്കുന്നതിനും ഈ രംഗത്തെ അത്ലറ്റുകൾക്കുള്ള അവസരങ്ങൾ വർധിപ്പിക്കുന്നതിനും മേഖലയിലെ റൈഡർമാരുടെയും കുതിര ഉടമകളുടെയും എണ്ണം വർധിപ്പിക്കുന്നതിനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് മേഖലയിലെ കായിക മന്ത്രാലയം ഡയറക്ടർ അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബൗദ് വിശദീകരിച്ചു.