സൗദി; സന്ദർശന വിസയിലുള്ളവർ കാലാവധി തീരുന്ന സമയത്ത് രാജ്യം വിട്ടില്ലെങ്കിൽ റിക്രൂട്ടർക്ക് തടവും പിഴയും

സന്ദർശന വിസ കാലാവധി തീരുന്ന സമയത്ത് ആളുകൾ തിരിച്ചുപോയതായി റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്ന റിക്രൂട്ടർമാർക്ക് (വിസയനുവദിച്ച ആൾ)തടവും പിഴയുമുണ്ടാകുമെന്ന് പൊതുസുരക്ഷ വകുപ്പിന്റെ മുന്നറിയിപ്പ്. എൻട്രി വിസ കാലഹരണപ്പെടുന്ന സമയത്തിനു മുമ്പ് വിസയനുവദിച്ച ആൾ കൊണ്ടുവന്നവരെ രാജ്യത്ത് നിന്ന് തിരിച്ചയക്കണം. അഥവാ തിരിച്ചുപോയിട്ടില്ലെങ്കിൽ അത് റിപ്പോർട്ട് ചെയ്യാൻ കാലതാമസം വരുത്തുന്നുവെങ്കിൽ 50000 റിയാൽ വരെ പിഴയും ചുമത്തും. താമസം, ജോലി, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെക്കുറിച്ച് മക്ക, റിയാദ്, ശർഖിയ എന്നീ പ്രദേശങ്ങളിലുള്ളവർ 911 നമ്പറിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവർ 999 നമ്പറിലും വിളിച്ച് റിപ്പോർട്ട് ചെയ്യാൻ പൊതു സുരക്ഷ വകുപ്പ് ആവശ്യപ്പെട്ടു.

അതെ സമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് സൗദി അറേബ്യ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്.ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തവണ പഴുതടച്ചുള്ള പരിശോധനയാണ് മക്കയിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്. മക്കയിലെത്തുന്ന ഹാജിമാരുടെ എണ്ണം വർധിച്ചതോടെയാണ് ഉംറ തീർഥാടകർക്കുള്ള പ്രവേശനം നിർത്തി വെച്ചിട്ടുണ്ട്. ‘നുസ്‌ക്’ ആപ്പ് വഴിയുള്ള ഉംറ പെര്‍മിറ്റുകളുടെ വിതരണവും ഹജ്ജ് സീസൺ കഴിയുന്നത് വരെ നിർത്തിവെച്ചു. ഉംറ വിസയിലുള്ളവർ ജൂൺ 6 ന് മുമ്പ് സൗദി വിടണമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.