ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റംസാൻ വ്രതാരംഭം. ഒമാനിൽ മാസപ്പിറവി കണ്ടില്ല. അതിനാൽ ഒമാനിൽ വ്രതരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലെല്ലാം തിങ്കളാഴ്ച റമദാനു തുടക്കമാകും. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഭരണ കർത്താക്കൾ വിശ്വാസികൾക്ക് റമദാൻ ആശംസകളും നേർന്നു.
സൗദിയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായി. ഉമ്മുല്‍ഖുറാ കലണ്ടര്‍ പ്രകാരം ഞായറാഴ്ച ശഅ്ബാന്‍ 29 പൂര്‍ത്തിയായതിനാല്‍ റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ മുസ്ലീങ്ങളോടും സുപ്രീംകോര്‍ട്ട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ മാര്‍ച്ച് 12നാണ് റമസാന്‍ വ്രതാരംഭമെന്ന് കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് മദനി അറിയിച്ചു.