‘നോവുന്ന വേദന’; എലിസബത്തിന്റെ വാക്കുകൾക്ക് കാതോർത്ത് ലോക കേരള സഭ

ഉന്നതർ മാത്രം വേദി പങ്കിടുന്നുവെന്ന തെറ്റിദ്ധാരണകൾ പാടേ പൊളിച്ചെഴുതിയാണ് ഒമാനിൽ വീട്ടുജോലി ചെയ്യുന്ന എലിസബത്തിന്റെ വാക്കുകൾ ലോക കേരള സഭയിൽ മുഴങ്ങിയത്. 30 വർഷത്തിലധികമായി വീട്ടുജോലി ചെയ്തുവരുന്ന എലിസബത്ത് ജോസഫ് നിർദേശങ്ങൾ പ്രസ്താവനകളായി പറയുന്നതിനേക്കാൾ പൊള്ളുന്ന അനുഭവങ്ങൾ മാത്രം പങ്കുവെക്കാനാണ് വേദി ഉപയോഗപ്പെടുത്തിയത്. അത് മതിയായിരുന്നു ആ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ജീവിത പ്രയാസങ്ങൾ അടയാളപ്പെടുത്താൻ. ശമ്പളമില്ലാതെ ജോലി ചെയ്തതും നിയമങ്ങളിലെ അജ്ഞത മൂലം ജയിലിൽ കിടക്കേണ്ടി വന്നതുമെല്ലാം അവർ പറഞ്ഞത് വിതുമ്പലടക്കിയായിരുന്നു.. ലോക കേരള സഭ പോലൊരു വേദിയിൽ അവസരം നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ചകൊണ്ടാണ് അവർ വാക്കുകൾക്ക് വിരാമമിട്ടത്.

31 വർഷത്തെ പ്രവാസ ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്ക് വച്ചപ്പോൾ അത് നോവുന്ന വേദനയായി മാറിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചതിപ്രകാരം ‘ലോക കേരള സഭ എന്നാൽ വിജയിച്ച പ്രവാസികളുടെ കഥകൾ പറയുന്ന വേദിയാണ് എന്നാണ് പലരുടെയും തെറ്റിദ്ധാരണ. എന്നാൽ പ്രവാസി ജീവിതത്തിലെ മധുരവും കയ്പ്പും പ്രതീക്ഷയും പങ്കുവെയ്ക്കപ്പെടാൻ കഴിയുന്ന ഒരു വേദി എന്നതാണ് ലോക കേരള സഭയുടെ വിജയത്തിന്റെ ഒരു ഘടകം. 31 വർഷത്തെ പ്രവാസ ജീവിതം എലിസബത്ത് ജോസഫ് ലോക കേരള സഭയ്ക്ക് മുന്നിൽ പങ്ക് വച്ചപ്പോൾ അത് നോവുന്ന വേദനയായി. മരുന്നു കഴിക്കാൻ വേണ്ടി എച്ചിൽ കഴിച്ചത് ഉൾപ്പെടെയുള്ള പ്രവാസ ജീവിത അനുഭവത്തിന്റെ തീവ്രത എലിസബത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. കണ്ണീരോടെ അല്ലാതെ അനുഭവങ്ങൾ ഓർക്കാൻ എലിസബത്തിനെ കഴിയുമായിരുന്നില്ല. പ്രവാസജീവിതം കൂടുതൽ മികച്ചതാക്കാൻ എലിസബത്തിനെ പോലുള്ളവരുടെ ജീവിതാനുഭവങ്ങൾ കേരളസമൂഹത്തിന് വഴി കാട്ടിയാകും എന്ന കാര്യത്തിൽ സംശയമില്ല. ലോക കേരളസഭയുടെ സൗന്ദര്യവും അതാണ് .’