ഇന്ത്യയില്‍ ഉടനെ ഇ പാസ്‌പോര്‍ട്ട് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്

കൃത്യതയോടെ എളുപ്പത്തില്‍ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയില്‍ ഇന്ത്യയില്‍ ഉടനെ ഇ പാസ്‌പോര്‍ട്ട് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ട്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യം നല്‍കിയായിരിക്കും പാസ്‌പോര്‍ട്ട് അനുവദിക്കുക. ആഗോളതലത്തില്‍ എമിഗ്രേഷന്‍ സുഗമമാക്കുന്നതിനും എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കി തടസമില്ലാതെ കടന്നുപോകുന്നതിനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

അച്ചടിച്ച പുസ്തകമായാണ് നിലവില്‍ രാജ്യത്ത് പാസ്‌പോര്‍ട്ട് നല്‍കുന്നത്. മൈക്രോ ചിപ്പ് ഘടിപ്പിച്ച ഔദ്യോഗിക നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ 20,000 പേര്‍ക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ചിരുന്നു. 36 പാസ്‌പോര്‍ട്ട് ഓഫീസുകളും 93 പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും 426 പോസ്‌ററ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുമാണ് നിലവില്‍ ഇന്ത്യയിലുള്ളത്. പാസ്‌പോര്‍ട്ട് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടര്‍ന്നും നിലവിലേതുപോലെ തുടരും.

പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ നിരന്തര പരിശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഇ-പാസ്‌പോര്‍ട്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. ഇന്ത്യ ഇ പാസ്‌പോര്‍ട്ടിലേക്ക് മാറുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ വക്കിലാണ് നാമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു.