മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായി

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഇ-ഗേറ്റുകൾ പ്രവർത്തനക്ഷമമായതായി. ഒമാൻ എയർപോർട്ട്‌സ് അതോറിറ്റി റോയൽ ഒമാൻ പോലീസുമായി സഹകരിച്ച് സ്മാർട്ട് ഗേറ്റ് പ്രവർത്തിപ്പിക്കുന്നതായും ഇനി കാത്തിരിപ്പില്ലാതെ യാത്ര സാധ്യമാകുമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. സ്മാർട്ട് ഗേറ്റുകൾ ഏർപ്പെടുത്തിയതോടെ എമിഗ്രേഷൻ, ചെക്ക്-ഇന്‍ കൗണ്ടറുകളിലെ നീണ്ട വരികൾ ഇനി സെക്കൻഡുകൾകൊണ്ട് നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിക്കും.

നേരത്തെ എമിഗ്രേഷൻ അടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ മണിക്കൂറുകളോളം പലപ്പോഴും വരിയിൽ നിൽക്കേണ്ട സ്ഥിതിയുമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരുമായിരുന്നു ഇതുമൂലം പ്രയാസത്തിലായിരുന്നത്. യാത്രക്കാരുടെ പരാതികളും ഇത് സബന്ധിച്ച് ഉയർന്നിരുന്നു.

സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനക്ഷമമായതിനാൽ, താമസക്കാർക്കും പ്രവാസികൾക്കും അവരുടെ പാസ്‌പോർട്ടുകൾ സ്‌കാൻ ചെയ്തും ഡിജിറ്റൽ ഐ ഡി രജിസ്റ്റർ ചെയ്തും എമിഗ്രേഷൻ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കും. അതേസമയം, രാജ്യത്തേക്ക് ആദ്യമായി വരുന്നവർ സാധരണ രീതിയിൽ ഇമിഗ്രേഷൻ കൗണ്ടറുകൾ ഉപയോഗിക്കേണ്ടതാണ്. സ്മാർട്ട് ഗേറ്റ് സ്ഥാപിച്ച ആദ്യ ഘട്ടത്തിൽ ചില യാത്രക്കാർക്ക് മസ്‌കറ്റ് എയർപോർട്ടിൽ ചില പ്രയാസങ്ങൾ നേരിടേണ്ടിവന്നിരുന്നു. നിലവിൽ ഇതിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതോടെ സ്മാർട്ട് ഗേറ്റുകൾ വഴിയുള്ള യാത്രകൾ കൂടുതൽ സുഗമമായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അവധി ദിനങ്ങളിൽ അടക്കം സാധാരണ വിമാനത്താവളങ്ങളിൽ കൗണ്ടറുകളിൽ ഉണ്ടാകാറുള്ള കാത്തിരിപ്പുകൾ ഇനി ഇല്ലാതാകും.