ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമായി. ജനുവരി 29 വരെ 46 ദിവസം നീണ്ടുനിൽക്കുന്ന മേളയാണ് ഇത്തവണ നടക്കുന്നത്. 10 ലക്ഷം ദിർഹം, ഒരു കിലോ സ്വർണം, ഡൗൺ ടൗൺ ദുബായിൽ അപ്പാർട്ട്മെൻറ് തുടങ്ങിയ നിരവധി സമ്മാനങ്ങളാണ് ഇത്തവണ ഉപഭോക്താക്കളെ ആകർഷിക്കുന്നത്. ഏകദേശം നാല് കോടി ദിർഹമാണ് സമ്മാനങ്ങളുടെ ആകെ മൂല്യം. ഷോപ്പിംഗ് ഫെസ്റ്റിവലിന് മാറ്റുകൂട്ടാൻ ലോകകപ്പ് ഫാൻ ഫെസ്റ്റും ഇത്തവണ ഒരുക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മനോഹരമായ ശൈത്യകാലം എന്ന തലക്കെട്ടോടെ ദുബായ് ടൂറിസം വകുപ്പ് സന്ദർശകരെ ആകർഷിക്കുന്ന നിരവധി പരിപാടികളും ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്നുണ്ട്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഭാഗ്യശാലികൾക്ക് 25 കിലോ സ്വർണാഭരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രമുഖ ജ്വല്ലറികളായ മലബാർ ഗോൾഡും ജോയ് ആലുക്കാസും രംഗത്തു വന്നു. 500 ദിർഹമിന്റെ സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ, രത്നാഭരണങ്ങളോ വാങ്ങുന്നവർക്ക് പർച്ചേസിനോടൊപ്പം നൽകുന്ന കൂപ്പൺ വഴിയാണ് ഭാഗ്യശാലികളെ തിരഞ്ഞെടുക്കുന്നത്.
മലബാർ ഗോൾഡിന്റെ യുഎഇയിലെ എല്ലാ ഔട്ട്‌ലെറ്റുകളിലും, ദുബായ് ജ്വല്ലറി ഗ്രൂപ്പിൻറെ എല്ലാ ഷോപ്പുകളിലും റാഫിൾ കൂപ്പൺ ലഭിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ നടക്കുന്ന റാഫിൾ ഡ്രോയിൽ നാലു വിജയികൾക്ക് ഒരു കിലോഗ്രാം സ്വർണം സമ്മാനിക്കും. മെഗാഡ്രോയിൽ 12 വിജയികൾക്ക് മൂന്ന് കിലോ സ്വർണം ലഭിക്കും. ജോയ് ആലുക്കാസും ഒന്നിടവിട്ട ദിവസങ്ങളിൽ നാലു കിലോ സ്വർണവും, മെഗാഡ്രോയിൽ 12 പേർക്ക് മൂന്നു കിലോ സ്വർണവും സമാനമായി നൽകുന്നുണ്ട്.