മരുന്നു കമ്പനികളില്‍ നിന്നും സാമ്പിളുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്വീകരിക്കരുതെന്ന കര്‍ശന നിര്‍ദേശവുമായി സൗദി അറേബ്യ

മരുന്നു കമ്പനികളില്‍ നിന്നും സൗജന്യ സാംപിളുകൾ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ ഒന്നും തന്നെ സ്വീകരിക്കരുതെന്ന് ഡോക്ടര്‍മാര്‍ക്കും ആരോഗ്യ സ്ഥാപനങ്ങള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി സൗദി അറേബ്യ. സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് പ്രൊമോഷല്‍ ആന്‍ഡ് എത്തിക്കല്‍ പ്രാക്റ്റീസാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ആരോഗ്യവിദ​ഗ്ധരും മരുന്നുകമ്പനികളും തമ്മിലുള്ള ബന്ധത്തിന്റെ പേരില്‍ സമ്മാനങ്ങള്‍ സ്വീകരിക്കരുത്. മരുന്നുകമ്പനികളുമായി ഇടപെടുമ്പോള്‍ ആരോഗ്യസ്ഥാപനങ്ങള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചും നിര്‍ദേശങ്ങളില്‍ ചൂണ്ടിക്കാണിക്കുന്നു.

ആശുപത്രി അധികൃതര്‍ സ്ഥാപനങ്ങളുടെ വിവിധ വകുപ്പുകളില്‍ പ്രവേശിക്കരുതെന്നും കമ്മിറ്റിയുടെ നിർദേശങ്ങളിൽ പറയുന്നു.മരുന്ന് കമ്പനികളുടെ സാമ്പിളുകള്‍ സൗജന്യമായി ഹാജരാക്കാന്‍ ആശുപത്രികള്‍ക്ക് സൗകര്യമൊരുക്കരുത്. മരുന്നുകള്‍ ആരോഗ്യസ്ഥാപനങ്ങളുടെ ഫാര്‍മസിയില്‍ വില്‍ക്കുന്നതിന് മുന്‍പായി സ്വതന്ത്രസമിതിയുടെ അനുമതി വാങ്ങണം. പ്രത്യേകിച്ച് ഒരു കമ്പനിയോടും താല്‍പ്പര്യം പ്രകടിപ്പിക്കരുതെന്നും നിബന്ധനയുണ്ട്. ആരോഗ്യ സ്ഥാപനത്തിന്റെ അധികാരികൾ അവരുടെ അക്കൗണ്ടുകളിലേക്ക് മെഡിക്കൽ കമ്പനികളിൽ നിന്ന് പണം സ്വീകരിക്കരുതെന്ന നിബന്ധനയും സൗദി അറേബ്യ മുന്നോട്ട് വയ്ക്കുന്നു.