സുഡാനിലെ മലയാളിയുടെ മരണം: ഇന്ത്യൻ എംബസിയുമായി നോർക്ക അധികൃതരുടെ ആശയവിനിമയം തുടരുന്നു

സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയുടെ നേതൃത്വത്തിലാണ് ആശയ വിനിമയം നടക്കുന്നത്.

ആൽബർട്ടിന്റെ ഭൗതികശരീരം എത്തിക്കുക, കുടുംബത്തിനാവശ്യമായ സംരക്ഷണം നൽകുക എന്നീ കാര്യങ്ങളിൽ ഇടപെടലുകൾ നടത്തുന്നതിനായി എംബസിയിലെ ഉദ്യോഗസ്ഥരുമരുമായി പ്രിൻസിപ്പൽ സെക്രട്ടറിയും സി.ഇ.ഒ -യും പലതവണ സംസാരിച്ചു കഴിഞ്ഞു. സുഡാനിലെ തെരുവുകളിൽ ഇപ്പോഴും സംഘർഷം തുടരുന്നതിനാൽ ഗതാഗതവും ജനജീവിതം സ്തംഭിച്ചിരിക്കുകയാണെന്നും രാജ്യത്തിനകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള വിമാന സർവീസുകൾ നിർത്തിവച്ചിട്ടുള്ള സാഹചര്യത്തിൽ നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഇൻഡ്യൻ എംബസി അറിയിച്ചിട്ടുണ്ട്.സാഹചര്യങ്ങൾ മാറിവരുന്നതിനനുസരിച്ച് സാധ്യമായതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെണെന്ന് എംബസിയിലെ പ്രഥമ സെക്രട്ടറി അറിയിച്ചതായി നോർക്ക അധികൃതർ പറഞ്ഞു.

അതെ സമയം ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന സുഡാനില്‍ യൂറോപ്യന്‍ യൂണിയന്‍ സ്ഥാനാപതി ഏയ്ഡന്‍ ഒഹര ആക്രമിക്കപ്പെട്ടു. ഹര്‍തൂമിലെ വസതിയില്‍ വച്ചാണ് അദ്ദേഹം ആക്രമിക്കപ്പെട്ടതെന്നും പരുക്ക് ഗുരുതരമല്ലെന്നും യൂറോപ്യന്‍ യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥന്‍ ട്വീറ്റ് ചെയ്തു. നാല് ദിവസമായി തുടരുന്ന കലാപത്തില്‍ ഇതുവരെ 180ൽ പരം ആളുകൾ കൊല്ലപ്പെട്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) കണക്ക്. പരുക്കേറ്റവരുടെ എണ്ണം 1800 കവിഞ്ഞു.